ലിഫ്റ്റിലെ ശാരീരിക ചൂഷണം; കേസിൽ എഎസ്ഐ കീഴടങ്ങി

അറസ്റ്റിലായ എഎസ്ഐ നാസർ.

കൊച്ചി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ കോട്ടയം തലയോലപ്പറമ്പ് എഎസ്ഐ വി.എച്ച്. നാസർ എറണാകുളം അസി. കമ്മിഷണർ കെ. ലാൽജി മുൻപാകെ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണു കീഴടങ്ങൽ. കുട്ടികൾക്കെതിരായ അതിക്രമം തടയൽ നിയമം (പോക്സോ) അനുസരിച്ചാണു നാസറിനെതിരെ സെൻട്രൽ പൊലീസ് കേസെടുത്തത്. ഇതിനിടെ, കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചു പെൺകുട്ടിയുടെ പിതാവു നൽകിയ ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്കു നോട്ടിസ് അയച്ചു. 

കഴിഞ്ഞ ഏപ്രിൽ 28നു കൊച്ചിയിലെ ഒരു സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റിൽ നാസർ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണു വൈക്കം സ്വദേശിയായ പെൺകുട്ടിയുടെ പരാതി. കേസിൽ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സെൻട്രൽ സിഐ എ. അനന്തലാൽ, നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. എസ്ഐമാരായ സാജൻ ജോസഫ്, കെ. സുനുമോൻ എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്. 

ഇതിനിടെ, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു നാസറിന്റെ മുൻകൂർ ജാമ്യഹർജിയിൽ പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ ഇടപെടേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ പിതാവ് കേസിൽ കക്ഷിചേർന്ന് എതിർപ്പ് അറിയിച്ചിരുന്നു. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപിക്കണമെന്നും കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കാണിച്ചു നൽകിയ ഹർജിയിൽ പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.