ചെങ്ങന്നൂരിൽ കേരള കോൺ. (എം) ‌ അടിയന്തര യോഗം

ചെങ്ങന്നൂർ∙ യുഡിഎഫിനു വേണ്ടി പൊതുസമ്മേളനങ്ങളും ഭവന സന്ദർശനങ്ങളും നടത്തി പരമാവധി വോട്ട് പിടിക്കണമെന്നു കേരള കോൺഗ്രസ് (എം) നേതൃത്വം ജില്ലാ –നിയോജകമണ്ഡലം നേതാക്കൾക്കു നിർദേശം നൽകി. യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനു പിന്നാലെ ചെങ്ങന്നൂർ മുണ്ടൻകാവിൽ പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എംപിയുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ നേതാക്കളുടെയും മണ്ഡലം നേതാക്കളുടെയും യോഗത്തിലാണു പാർട്ടി നിർദേശങ്ങൾ വിശദീകരിച്ചത്.

യുഡിഎഫിന്റെ പൊതുയോഗങ്ങളിലും വേദിയിലും കയറാൻ നേതാക്കൾ ശ്രമിക്കരുതെന്നു കർശന നിർദേശം നൽകി. യുഡിഎഫ് വേദിയിൽ ക്ഷണം ലഭിച്ചാൽ പങ്കെടുക്കണമോയെന്ന അണികളുടെ സംശയത്തിന് ആലോചിച്ചു തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി.

സ്ഥാനാർഥിയോ യുഡിഎഫ് നേതാക്കളോ കേരള കോൺഗ്രസ് (എം) സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലോ വേദികളിലോ എത്തിയാൽ അർഹമായ പരിഗണന നൽകി പ്രസംഗിക്കാൻ അവസരം നൽകണം. നാളെ ചെങ്ങന്നൂർ മാർക്കറ്റ് ജംക്‌ഷനിൽ പാർട്ടി സമ്മേളനം നടത്തും.

പാർട്ടി ചെയർമാൻ കെ.എം.മാണി പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് (എം) പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടുതന്നെ ശക്തി തെളിയിക്കണമെന്നാണു നിർദേശം. തുടർന്നുള്ള രണ്ടു ദിവസം കൊണ്ടു പാർട്ടിക്കു ശക്തിയുള്ള എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഭവനസന്ദർശനമോ കുടുംബയോഗങ്ങളോ നടത്തണം.