ഹിന്ദുസംഘടനാ പരാമർശം: കോടിയേരിക്കെതിരെ പരാതി നൽകുമെന്നു വി.ഡി.സതീശൻ

ചെങ്ങന്നൂർ∙ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ ഹിന്ദുസംഘടനാ നേതാവാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ അറിയിച്ചു.

ചെങ്ങന്നൂരിൽ സിപിഎം വർഗീയ കാർഡ് ഇറക്കി കളിക്കുകയാണെന്നു സതീശൻ ആരോപിച്ചു. അഖിലഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷനാണു വിജയകുമാർ. അയ്യപ്പസേവാസംഘം മതേതര സംഘടനയാണ്.

ബഷീർ കഥകളിലെ ആനവാരി രാമൻ നായരുടെ സമീപനമാണു കോടിയേരിക്ക്. യു‍ഡിഎഫിന് ആർഎസ്എസ് വോട്ട് വേണ്ടെന്നും എന്നാൽ എൽഡിഎഫിൽ ഇക്കാര്യത്തിൽ രണ്ടഭിപ്രായമാണെന്നും സതീശൻ പറഞ്ഞു.

സാമുദായിക സംഘടനാ യോഗം: തിര. കമ്മിഷനു പരാതി നൽകുമെന്നു പ്രേമചന്ദ്രൻ

ചെങ്ങന്നൂർ∙ ഉപതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മുൻപ്, നിശ്ചിത അജൻഡയില്ലാതെ സംസ്ഥാന സർക്കാർ മത–സാമുദായിക സംഘടനകളുടെ യോഗം വിളിച്ചതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനു യുഡിഎഫ് പരാതി നൽകുമെന്നു എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു.

ജനാധിപത്യ കേരളത്തെ സാമുദായികവൽക്കരിക്കാനുള്ള നീക്കമായിരുന്നു ഈ യോഗമെന്നു പ്രേമചന്ദ്രൻ പറഞ്ഞു. ഇതേക്കുറിച്ചു മുഖ്യമന്ത്രി വിശദീകരിക്കണം. യോഗം തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണ്. പ്രാദേശികതലത്തിൽ പോലും ഭിന്നത സൃഷ്ടിക്കാവുന്നതാണ് ഇത്തരം യോഗമെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.