തൽക്കാലം വരേണ്ട: ഡോ. കഫീൽ ഖാനോട് സംസ്ഥാന സർക്കാർ

കോഴിക്കോട്∙ നിപ്പ ബാധിത മേഖലയിൽ സേവനസന്നദ്ധത അറിയിച്ച ഗോരഖ്പുരിലെ ഡോ. കഫീൽ ഖാനെ സ്വാഗതം ചെയ്ത കേരള സർക്കാർ മൂന്നു ദിവസംകൊണ്ടു മലക്കംമറിഞ്ഞു. തൽക്കാലം വരേണ്ടതില്ലെന്നാണു സർക്കാരിന്റെ പുതിയ നിലപാടെന്നു കഫീൽ ഖാൻ പറഞ്ഞു.

കേരളത്തിലെത്താൻ വിമാന ടിക്കറ്റ് വരെ അയച്ചുകൊടുത്ത ശേഷമാണു സർക്കാരിന്റെ നിലപാടു മാറ്റം. ഉത്തർപ്രദേശ് സർക്കാരിലെ ജീവനക്കാരനായ കഫീൽ ഖാനെ നേരിട്ടു കേരളത്തിലേക്കു വിളിച്ചുവരുത്തുന്നതിനു നിയമതടസ്സങ്ങളുണ്ടെന്ന നിഗമനത്തെത്തുടർന്നാണു നടപടിയെന്നാണു സൂചന.

ഗോരഖ്‌പുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എഴുപതിലേറെ കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡോ. കഫീൽ എട്ടുമാസത്തോളം ജയിലിൽ കഴിഞ്ഞിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച അദ്ദേഹത്തെ യുപി സർക്കാർ മനഃപൂർവം കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ സേവനസന്നദ്ധത അറിയിച്ച ഡോ. കഫീൽ ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹ മാധ്യമങ്ങൾ വഴിതന്നെയാണു സ്വാഗതം ചെയ്തത്. എന്നാൽ അദ്ദേഹത്തെ കോഴിക്കോട്ടേക്കു സ്വാഗതം ചെയ്യുന്നതിലൂടെ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നു കോൺഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. യാത്ര മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടതിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടില്ലെന്നും സർക്കാരിന്റെ നിലപാടു മാറ്റത്തിൽ ദുഃഖിതനാണെന്നും ഡോ. കഫീൽ ഖാൻ പറഞ്ഞു.