സംഭാവന ‘സമഗ്ര’മാകുമ്പോൾ എന്തിനു പുസ്തകമെഴുതണം?

തൃശൂർ∙ സാഹിത്യത്തിനു നൽകിയ ‘സമഗ്ര’ സംഭാവനയ്ക്കു സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി എത്ര പുസ്തകം എഴുതിയിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടി ഇങ്ങനെ: ‘അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ സംബന്ധിച്ച വിവരം ശേഖരിച്ചിട്ടില്ല. സമഗ്ര സംഭാവന പുരസ്കാരത്തിനു പരിഗണിക്കുമ്പോൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ എണ്ണത്തിനു പ്രസക്തിയില്ല’.

കേരള സാഹിത്യ അക്കാദമി കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 2016ലെ സമഗ്ര സംഭാവന പുരസ്കാരങ്ങളിലൊന്നുമായി ബന്ധപ്പെട്ടാണു വിവരാവകാശ നിയമപ്രകാരം ചോദ്യമുയർന്നത്.

സാഹിത്യ അക്കാദമിയുടെ അവാർഡ് പ്രഖ്യാപനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന പരാതി കഴിഞ്ഞദിവസം മുഖ്യമന്ത്രി തൃശൂരിൽ സാംസ്കാരിക നായകരുമായി നടത്തിയ സംവാദത്തിൽ ചിലർ ഉന്നയിച്ചിരുന്നു. എന്നാൽ അവാർഡ് പ്രഖ്യാപനത്തിൽ രാഷ്ട്രീയ പക്ഷപാതമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സാഹിത്യ അക്കാദമിയിൽനിന്നു പുസ്തകങ്ങൾ വായനയ്ക്കായി പുറത്തേക്കു നൽകുന്നവ തിരിച്ചുവരുന്നതിൽ വീഴ്ചയുണ്ടെന്നും അക്കാദമി സമ്മതിക്കുന്നു. 422 പുസ്തകങ്ങൾ തിരിച്ചുകിട്ടാനുണ്ടെന്നാണ് അക്കാദമിയിലെ കണക്കുകൾ. നോട്ടിസ് നൽകിയിട്ടും 112 എണ്ണമാണു തിരിച്ചെത്തിയത്.