കള്ളനോട്ട് കേസ‌്: നാളെ വിധി പറയേണ്ട ജ‍ഡ്ജിക്ക് സ്ഥലംമാറ്റം

കൊച്ചി ∙ എ‍ൻഐഎ പ്രത്യേക കോടതിയിൽ വാദം പൂർത്തിയായ കള്ളനോട്ട് കേസിൽ വിധി പറയും മുൻപേ ജഡ്ജിക്കു സ്ഥലം മാറ്റം. ഈ മാസം 31നു സർവീസിൽ നിന്നു വിരമിക്കാൻ ഇരിക്കെയാണു വിചാരണ പൂർത്തിയായ കേസിൽ 30നു വിധി പറയാൻ തീരുമാനിച്ചത്. എന്നാൽ കുടുംബ കോടതി ജ‍ഡ്ജിയായി സർവീസ് നീട്ടി ലഭിച്ച ജഡ്ജിക്കു നാളെ എൻഐഎ കോടതി ജഡ്ജിയെന്ന സ്ഥാനം ഒഴിയണം. ഇതോടെ വാദം പൂർത്തിയായ കേസിൽ വിധി പറയാൻ കഴിയാത്ത സാങ്കേതിക പ്രതിസന്ധിയിലാണ് എൻഐഎ പ്രത്യേക കോടതി.

500 രൂപയുടെ 1950 കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശി ആബിദ് ചുള്ളികുളവൻ 2013 ജനുവരി 26നാണു നെടുമ്പാശേരിയിൽ പിടിയിലായത്. പ്രതിക്കെതിരെ ചുമത്തിയിരുന്ന നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകൾ ഹൈക്കോടതി രണ്ടാഴ്ച മുൻപു നീക്കം ചെയ്തിരുന്നു. പുതിയ ജഡ്ജിക്കു കേസ‌് പരിഗണിക്കണമെങ്കിൽ കേന്ദ്രസർക്കാറിന്റെ പ്രത്യേക അനുവാദം വേണം. കൊടുങ്ങല്ലൂർ മുഹമ്മദ് ഹനീഫ, വണ്ടൂർ അബ്ദുൽ സലാം, തമിഴ്നാടു സ്വദേശി ആന്റണി ദാസ്, രാജ്യാന്തര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ അംഗമായ അഫ്താബ് ബട്കി എന്നിവരാണു കേസിലെ പ്രതികൾ. ബട്കി വിദേശത്ത് ഒളിവിലാണ്.