Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷ്യം വഹിച്ചതു ചരിത്രപരമായ മാറ്റങ്ങൾക്ക്: സ്പീക്കർ

P. Sreeramakrishnan

തിരുവനന്തപുര∙ രണ്ടു വർഷത്തിനിടെ കേരള നിയമസഭയുടെ പ്രവർത്തനത്തിൽ വമ്പിച്ച മാറ്റങ്ങൾ ഉണ്ടായെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സഭ ചേരുന്ന ദിവസങ്ങളിൽ ഗണ്യമായ വർധനയുണ്ടായി. രണ്ടു വർഷത്തിനിടെ 125 ദിവസം സഭ ചേർന്നു. ഇക്കാര്യത്തിൽ ദേശീയ ശരാശരി പ്രതിവർഷം 30–40 ദിവസങ്ങളാണ്. ചില സംസ്ഥാനങ്ങളിൽ 15 മുതൽ 25 വരെ ദിവസങ്ങളാണു സഭ ചേരുന്നത്. കേരള നിയമസഭയുടെ ശരാശരി സഭാ സമ്മേളന ദിവസങ്ങൾ പ്രതിവർഷം 50 ആണ‌്. കഴിഞ്ഞ വർഷം 65 ദിവസം സഭ ചേർന്നു. വരും വർഷങ്ങളിൽ കൂടുതൽ ദിവസങ്ങളിൽ സഭ ചേരും.

നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘ജനാധിപത്യത്തിന്റെ ആഘോഷം’ എന്ന പേരിൽ ആറുമാസം നീണ്ടുനിൽക്കുന്ന പരിപാടി ജൂലൈയിൽ തുടങ്ങും. ദേശീയതലത്തിൽ തന്നെ പ്രാധാന്യമുള്ള ചർച്ചാ സമ്മേളനങ്ങളും സെമിനാറുകളുമാണ‌ു പ്രധാന പരിപാടി. സഭാ സമ്മേളനം അവസാനിക്കുന്നതിനു മുൻപു നിയമസഭാ സാമാജികർ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ മറുപടി നൽകണമെന്ന മുൻ സമ്മേളനങ്ങളിലെ റൂളിങ്ങോടെ ഇക്കാര്യത്തിൽ പൊതുവെ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു. 

നിയമനിർമാണത്തിനു മാത്രമായി സമ്മേളനം നാളെ മുതൽ

തിരുവനന്തപുരം∙ നിയമനിർമാണം മാത്രം ലക്ഷ്യമിട്ടു 14–ാം നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ ആരംഭിക്കും. 21 വരെ നീളുന്ന സമ്മേളനത്തിൽ 12 ദിവസമാണു സഭ ചേരുക. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച സജി ചെറിയാൻ നാളെ 9.30നു സത്യപ്രതിജ്ഞ ചെയ്യും. രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിലേക്കു തിരഞ്ഞെടുപ്പ് 21നു നടക്കും.

ആദ്യ രണ്ട‌ു ദിവസങ്ങളിൽ ആറ‌ു ബില്ലുകൾ പരിഗണിച്ചു സബ്ജക്ട് കമ്മിറ്റിക്കു വിടും. കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, കേരള പഞ്ചായത്ത‌ീരാജ‌് (ഭേദഗതി) ബിൽ, കേരള മുനിസിപ്പാലിറ്റി(രണ്ടാം ഭേദഗതി) ബിൽ എന്നിവ ആദ്യദിവസം പരിഗണിക്കും. ചൊവ്വാഴ‌്ച ശ്രീശങ്കരാചാര്യ സംസ‌്കൃത സർവകലാശാല (ഭേദഗതി) ബിൽ, കേരള സർവകലാശാല (ഭേദഗതി) ബിൽ, കേരള സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണം) ബിൽ എന്നിവ സഭയിൽ വരും. ബജറ്റിലെ ഉപധനാഭ്യർഥനകളുടെ ചർച്ചയും വോട്ടെടുപ്പും 13ന‌് ആണ്. ഇപ്പോഴത്തെ സമയക്രമം അനുസരിച്ച് 14നും 15നും സഭയുണ്ടാവില്ല.

related stories