അർധസത്യങ്ങൾ ഏറ്റുമുട്ടി; ആരും ആയുധം താഴെ വച്ചില്ലെന്നു മാത്രം

അശ്വത്ഥാമാ ഹത: കുഞ്ജര:(അശ്വത്ഥാമാവ് എന്ന ആന മരിച്ചു) എന്നാണു കുരുക്ഷേത്ര യുദ്ധത്തിൽ ദ്രോണാചാര്യരെ തോൽപിക്കാൻ ധർമപുത്രർ അർധസത്യം പറഞ്ഞത്. അശ്വത്ഥാമാവ് എന്നൊരു ആനയെ അതിനു മുമ്പുതന്നെ ഭീമൻ തല്ലിക്കൊന്നിരുന്നു. ധർമപുത്രർ ഇക്കാര്യം വിളംബരം ചെയ്തപ്പോൾ കുഞ്ജര: എന്നു പറഞ്ഞതു വളരെ പതുക്കെയായിരുന്നു. ദ്രോണാചാര്യർ അതു കേട്ടില്ല. പ്രിയപുത്രന്റെ മരണവാർത്തയാണു ധർമപുത്രർ പറഞ്ഞതെന്നു തെറ്റിദ്ധരിച്ച അദ്ദേഹം ആയുധം താഴെയിട്ടു. തക്കം നോക്കി നിന്ന അർജുനൻ ആചാര്യനെ വധിക്കുകയും ചെയ്തു. അർധസത്യം പറഞ്ഞതോടെ, സ്ഥിരമായി ഭൂമിയിൽ നിന്ന് ഒരംഗുലം മുകളിൽ സ്ഥിതി ചെയ്തിരുന്ന ധർമപുത്രരുടെ തേര് ഭൂമിയിൽ തൊട്ടെന്നുമാണു മഹാഭാരതം പറയുന്നത്.

ഇത്തരമൊരു അർധസത്യമാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽ കെവിൻ ജോസഫിന്റെ ദുരഭിമാനക്കൊലയെക്കുറിച്ചു തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുമ്പോൾ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടു നിൽക്കുന്ന ധർമടം മണ്ഡലത്തിലെ 57–ാം നമ്പർ ബൂത്തിൽ 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.രാഗേഷ്, യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനു പിന്നിൽ പോയി എന്നാണ് അദ്ദേഹം പറഞ്ഞത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ചെന്നിത്തലയുടെ സ്വന്തം വാർഡായ തൃപ്പെരുന്തുറയിൽ യുഡിഎഫ് സ്ഥാനാർഥി പിറകിലായെന്നു മുഖ്യമന്ത്രി പറഞ്ഞതിനെ പ്രതിരോധിക്കാനാണു ചെന്നിത്തല ഇതു പറഞ്ഞത്. തന്റെ ബൂത്തിൽ ഒരിക്കലും സിപിഎം പിന്നോട്ടു പോയിട്ടില്ലെന്നും എക്കാലത്തും ‘തംപിങ് മെജോറിറ്റി’ കിട്ടിയിട്ടുണ്ടെന്നും പിണറായി തിരിച്ചടിച്ചു.

യാഥാർഥ്യം പരിശോധിച്ചാൽ രണ്ടു കൂട്ടരും പറയുന്നത് അർധസത്യം. പിണറായി താമസിക്കുന്നതു വേങ്ങാട് പഞ്ചായത്തിലെ 57–ാം നമ്പർ ബൂത്തിന്റെ പരിധിയിൽ. അവിടെ ഒരിക്കൽ സിപിഎം രണ്ടാം സ്ഥാനത്തായി എന്നതു സത്യം. എന്നാൽ അദ്ദേഹം ഇപ്പോഴും വോട്ട് ചെയ്യുന്നതു പിണറായി പഞ്ചായത്തിലെ ആർകെ അമല ബേസിക് യുപി സ്കൂളിലെ 136–ാം നമ്പർ ബൂത്തിൽ. അവിടെ എക്കാലത്തും സിപിഎമ്മിനു മുഖ്യമന്ത്രി പറഞ്ഞ പോലെ ‘തംപിങ് മെജോറിറ്റി’ കിട്ടിയിട്ടുണ്ടു താനും. രണ്ടു പേരും പറഞ്ഞത് അർധസത്യം. രണ്ടു പേരുടെയും രഥചക്രങ്ങൾ ഭൂമിയിൽ തൊട്ടോ എന്നു പരിശോധിക്കാൻ നിയമസഭാ സമിതിയെ നിയോഗിക്കുന്നതു നന്നായിരിക്കും.

പാറയ്ക്കൽ അബ്ദുല്ല പ്രച്ഛന്നവേഷ മൽസരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണു സഭയിൽ എത്തിയത്. നിപ്പ വൈറസ് ബാധയുടെ ഗൗരവം ബോധ്യപ്പെടുത്താൻ മുഖംമൂടിയും കയ്യുറയുമായാണു രോഗഭീഷണി നേരിടുന്ന കുറ്റ്യാടിയിൽ നിന്നുള്ള എംഎൽഎയായ അബ്ദുല്ല വന്നത്. പക്ഷേ സംഗതി ഏശിയില്ല. പ്രതീകാത്മകമാണെന്നും മറ്റും പറഞ്ഞു രമേശ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.

മന്ത്രി കെ.കെ.ശൈലജ: മാസ്ക് വയ്ക്കുന്നതിനു പ്രത്യേക രീതിയുണ്ട്. ഒന്നുകിൽ നിപ്പ ബാധിതർ അടുത്തുണ്ടായിരിക്കണം. അല്ലെങ്കിൽ എംഎൽഎയ്ക്കു നിപ്പ വൈറസ് ബാധയുണ്ടായിരിക്കണം. വൈറസ് ബാധ ഉണ്ടെങ്കിൽ അദ്ദേഹം സഭയിൽ വരാൻ പാടില്ലായിരുന്നു. അതു മറ്റുള്ളവരിലേക്കു പടരും.