‘രാജ്യസഭാ കണക്കു’വരെ നിരത്തി കോൺഗ്രസിനെ പൂട്ടി; കളി ജയിപ്പിച്ചത് ലീഗ്

തിരുവനന്തപുരം∙ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ അപകടകരമായ കണക്കുവരെ നിരത്തിയാണു മുസ്‌ലിം ലീഗും കേരള കോൺഗ്രസും ചേർന്നു കോൺഗ്രസിനെ പൂട്ടിയത്. മുന്നണിയിലില്ലാത്ത ഘടകകക്ഷിക്കു രാജ്യസഭാ സീറ്റ് അടിയറവച്ചതിനെതിരെ ഗ്രൂപ്പ് ഭേദമെന്യേ കോൺഗ്രസിൽ പ്രതിഷേധം കനക്കവേ, താൽക്കാലിക തിരിച്ചടി ആത്യന്തികമായി മുന്നണിയെ ശക്തിപ്പെടുത്തുമെന്ന ആശ്വാസവാക്കുകളൊന്നും അന്തരീക്ഷം തണുപ്പിക്കുകയില്ല.

നിയമസഭയിൽ 22 പേരുടെ അംഗബലമേയുള്ളൂവെന്ന യാഥാർഥ്യം കോ‍ൺഗ്രസിന് ഉൾക്കൊള്ളേണ്ടി വന്നതാണു വഴിത്തിരിവായത്. ലീഗിനു 18 പേരുണ്ട്. മാണിയുടെ ആറും കൂടി ചേർന്നാൽ കോൺഗ്രസിനെ അനായാസം മറികടക്കും. 140 പേരുള്ള നിയമസഭയിൽ മൂന്ന് ഒഴിവുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുമ്പോൾ വിജയിക്കാൻ ഓരോരുത്തർക്കും 36 ഒന്നാം വോട്ട് വീതം വേണം. സിപിഎം, സിപിഐ സ്ഥാനാർഥികളെ ജയിപ്പിക്കാൻ ഇടതുമുന്നണിക്ക് 72 പേരുടെ പിന്തുണ മതി. ആകെ 91 പേരുള്ള അവർക്കു ബാക്കി 19 വോട്ടുണ്ട്.

യുഡിഎഫിലെ ഭിന്നത മുതലെടുക്കാൻ സിപിഎം തീരുമാനിച്ചാൽ മുന്നണിയുടെ സ്ഥിതി വഷളാകും. കോൺഗ്രസും കേരള കോൺഗ്രസും രണ്ടു സ്ഥാനാർഥികളെ നിർത്തുകയും കേരള കോൺഗ്രസ് നോമിനിക്കു ലീഗിന്റെയും ആ 19 പേരുടെയും പിന്തുണ കിട്ടുകയും ചെയ്താൽ കോൺഗ്രസ് സ്ഥാനാർഥി രാജ്യസഭ കാണില്ല. അതോടെ യുഡിഎഫ് തന്നെ തകരും. ഈ മുന്നറിയിപ്പ് കോൺഗ്രസ് നേതൃത്വത്തിനു നിസ്സാരമായി കാണാൻ കഴിഞ്ഞില്ല.

കേരള കോൺഗ്രസിനുവേണ്ടി ഉറച്ച നിലപാടിലായിരുന്നു ലീഗും പി.കെ.കുഞ്ഞാലിക്കുട്ടിയും. മാണിയെ അന്തസ്സായി മുന്നണിയിലേക്കു മടക്കിക്കൊണ്ടുവരുമെന്ന ലീഗിന്റെ തീരുമാനമാണു ഡൽഹിയിൽ നടപ്പായത്. ചെങ്ങന്നൂരിൽ കൂടി തോറ്റതോടെ അതു നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു ലീഗ് കോൺഗ്രസിനോടു തുറന്നുപറഞ്ഞു. രാജ്യസഭാ സീറ്റാണു പോംവഴിയെങ്കിൽ അതു ചെയ്യണം. മറിച്ചെങ്കിൽ തങ്ങളും കൂടെയുണ്ടാകില്ലെന്ന മുന്നറിയിപ്പ് ഉയർന്നു.

മാണിയല്ല, യഥാർഥത്തിൽ ലീഗാണു വിലപേശിയത്. കോൺഗ്രസിനെ ദുർബലപ്പെടുത്തി വേണോ മുന്നണിയെ ലീഗ് ശക്തിപ്പെടുത്തേണ്ടതെന്ന ചോദ്യമാണു പാർട്ടിയിൽ ശക്തം. എന്നാൽ മാണിക്കായുള്ള ഈയവസരം കൂടി പാഴായാൽ പിന്നെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണു ലീഗ് കണ്ടത്. സീറ്റിനായി മാണി അവകാശവാദം ഉന്നയിച്ചപ്പോൾ അടുത്ത ഊഴം ഉറപ്പുനൽ‍കി അദ്ദേഹത്തെ തൃപ്തിപ്പെടുത്താമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ അതുവഴി പാളി.

യുഡിഎഫ് പ്രവേശനത്തിനുള്ള ഉപാധി തന്നെ രാജ്യസഭാ സീറ്റായി മാറുന്ന അമ്പരപ്പിക്കുന്ന വഴിത്തിരിവ് യുഡിഎഫിലുണ്ടായി. നേതൃത്വത്തിനെതിരെ പരസ്യമായി പറയാത്തവരും 11നു കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി ചേരുമ്പോൾ പൊട്ടിത്തെറിക്കാനിരിക്കുന്നു. എല്ലാം കണ്ടു ഗൂഢാനന്ദത്തിലാകുന്നതു കെ.എം.മാണി തന്നെ. കോട്ടയം ഡിസിസി പ്രസിഡന്റല്ല, രാഹുൽ ഗാന്ധിയാണ് അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ഇതെല്ലാം വഴി മാണി വ്യക്തമാക്കിയിരിക്കുന്നു.