ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നിധി

കോഴിക്കോട് ∙ ജോലിക്കിടെ മരിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിക്കാനുള്ള ചെലവു വഹിക്കാൻ കലക്ടർമാർക്കു പ്രത്യേക നിധി രൂപീകരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരം തൊഴിൽ വകുപ്പാണു പണം സ്വരൂപിക്കാൻ തീരുമാനിച്ചത്. കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതിയുടെ വിഹിതത്തിൽനിന്ന് ഒരു ലക്ഷം രൂപവീതം ഓരോ ജില്ലയിലേക്കും നൽകും.

ജില്ലാ ലേബർ ഓഫിസർക്കാണ് (എൻഫോഴ്സ്മെന്റ്) പണം കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല. ക്ഷേമപദ്ധതിയിൽ അംഗമല്ലെങ്കിലും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. പ്രഥമ വിവര റിപ്പോർട്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അസി. ലേബർ ഓഫിസറുടെ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അന്വേഷണ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാകും തുക അനുവദിക്കുക. തുക അനുവദിച്ചു നൽകേണ്ട ചുമതലയാണു ജില്ലാ ലേബർ ഓഫിസർക്കുള്ളത്. ആംബുലൻസിലോ വിമാനത്തിലോ മൃതദേഹം കൊണ്ടുപോകാം. മൃതദേഹത്തെ അനുഗമിക്കാൻ ബന്ധുക്കളെ അനുവദിക്കും.