രജിസ്റ്റർ ചെയ്ത സൈബർ കേസുകളിൽ പകുതിയിലും അന്വേഷണം കഴിഞ്ഞിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം∙ രണ്ടു വർഷത്തിനിടെ റജിസ്റ്റർ ചെയ്ത 626 സൈബർ കേസുകളിൽ പകുതിയിലധികവും അന്വേഷണം പൂർത്തിയായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 

357 കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റപത്രം സമർപ്പിച്ചത് 181 കേസിൽ മാത്രം. ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകൾ തുടർക്കഥയാകുമ്പോഴും ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു രണ്ടു വർഷത്തിനിടെ റജിസ്റ്റർ ചെയ്തതു 128 കേസുകൾ മാത്രമാണ്. 

∙ പിങ്ക് പൊലീസ് പദ്ധതിക്കു പിങ്ക് പട്രോൾ ആരംഭിച്ചു രണ്ടുവർഷം കഴിയുമ്പോൾ റജിസ്റ്റർ ചെയ്തത് 241 കേസുകൾ. ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരം സിറ്റിയിലാണ്– 59. കൊച്ചിയിൽ 39 കേസും കൊല്ലത്തു 38 കേസും. പിങ്ക് പൊലീസിനെക്കുറിച്ചുയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി  അറിയിച്ചു.

∙ കേന്ദ്ര സർക്കാരിന്റെ ധനവിവേചനത്തിനെതിരെ സംസ്ഥാനങ്ങളുടെ പ്രത്യേക കൺവൻഷൻ ഡൽഹിയിൽ സംഘടിപ്പിക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. 

സംസ്ഥാനങ്ങൾക്കു വിഭജിച്ചു നൽകുന്ന കേന്ദ്ര നികുതിവിഹിതം നിലവിലെ 42 ശതമാനത്തിൽനിന്ന് 50% ആക്കുകയാണു മുഖ്യ ആവശ്യം.