ഖാദി മേഖലയിൽ വൻ കുതിപ്പ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ശബരിമല വലിയതന്ത്രി കണ്ഠര് മഹേശ്വരരുടെ വിയോഗത്തിൽ അനുശോചനമറിയിക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചെങ്ങന്നൂർ താഴമൺ മഠത്തിലെത്തിയപ്പോൾ. മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം, മകൻ കണ്ഠര് മോഹനര്, ഭാര്യ ആശ, വി.മുരളീധരൻ എംപി തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

ആറന്മുള ∙ ആഗോള വിപണിയിൽ അവതരിപ്പിക്കാവുന്ന വലിയ ബ്രാൻഡായി ഖാദി മാറിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആറന്മുളയിൽ ആരംഭിക്കുന്ന സെന്റർ ഫോർ റൂറൽ എംപ്ലോയ്മെന്റ് ആൻഡ് ഇക്കണോമിക് ഡവലപ്മെന്റിന്റെയും (ക്രീഡ്) ഖാദി ഗ്രാമം പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. 

നമ്മുടെ നാടിന്റെ സമ്പത്തായ ഖാദിയും കരകൗശലവസ്തുക്കളും കൈത്തറി ഉൽപന്നങ്ങളും രാജ്യാന്തര വിപണിയിൽ ‘ഇന്ത്യാ ഹാൻഡ്‌ലൂം’ എന്ന പേരിൽ എത്തിച്ചു. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഉൽപാദിപ്പിക്കുന്ന 1,100 ഉൽപന്നങ്ങൾ 21 ഓൺലൈൻ സൈറ്റുവഴി നേരിട്ട് വിൽക്കുന്നതിനുള്ള അവസരവും ഒരുക്കി– കേന്ദ്ര മന്ത്രി പറഞ്ഞു.

ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു. ഖാദിഗ്രാമ കമ്മിഷൻ ദക്ഷിണ മേഖല അംഗം ജി. ചന്ദ്രമൗലി പ്രഭാഷണം നടത്തി. ക്രീഡ് മുഖ്യ രക്ഷാധികാരി ജെ.നന്ദകുമാർ പദ്ധതി വിശദീകരണം നടത്തി. ചർക്കകളുടെ വിതരണം വി.മുരളീധരൻ എംപി നിർവഹിച്ചു. 

സിപിഎം ബഹിഷ്കരിച്ചു

ആറന്മുള ∙ നൂൽനൂൽപും നെയ്ത്തും ആരംഭിക്കുന്നതിനു രൂപീകരിച്ച സെന്റർ ഫോർ റൂറൽ എംപ്ലോയ്മെന്റ് ആൻഡ് ഇക്കണോമിക് ഡവലപ്മെന്റിന്റെയും (ക്രീഡ്) ഖാദി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് സിപിഎം ചടങ്ങ് ബഹിഷ്കരിച്ചു. യോഗത്തിൽ വീണാ ജോർജ് എംഎൽഎ പങ്കെടുത്തില്ല. എംഎൽഎ പങ്കെടുക്കില്ലെന്ന് സിപിഎം നേതൃത്വം അറിയിച്ചിരുന്നു. സർക്കാർ സഹകരണത്തോടെയുള്ള പരിപാടിയല്ലെന്നാണ് സിപിഎമ്മിന്റെ ആരോപണം.