സിന്തൈറ്റിൽ തൊഴിലാളികൾ ജോലിക്കു കയറി, സംഘർഷം

കോലഞ്ചേരി ∙ കടയിര‍ുപ്പ് സിന്തൈറ്റ് ഇൻഡസ്‍ട്രീസിൽ സിഐടിയ‍ുവിന്റെ എതിർപ്പ് മറികടന്നു മാനേജ‍്മെന്റിനെ അന‍ുക‍ൂലിക്ക‍ുന്ന തൊഴിലാളികൾ ജോലിക്ക‍ു കയറി. ഇര‍ു വിഭാഗങ്ങൾ തമ്മില‍ുള്ള സംഘർഷത്തിൽ പൊലീസ‍ുകാരടക്കം 11 പേർക്ക‍ു പര‍ുക്കേറ്റ‍ു. ഇന്നലെ രാവിലെ എട്ടോടെയാണ‍ു സംഘർഷം ത‍ുടങ്ങിയത്. മാനേജ‍്മെന്റിനെ അന‍ുക‍ൂലിക്ക‍ുന്ന തൊഴിലാളികള‍ും ക‍ുട‍ുംബാംഗങ്ങള‍ും കമ്പനിക്ക‍ു സമീപമെത്തിയപ്പോഴേക്ക‍ും സിഐടിയ‍ുവിന്റെ നേതൃത്വത്തിൽ മ‍ുദ്രാവാക്യം വിളികളോടെ ഇവരെ തടഞ്ഞ‍ു.

ഇര‍ു‌വിഭാഗങ്ങള‍ും തമ്മിൽ ഉന്ത‍ും തള്ള‍ുമ‍ുണ്ടായി. പൊലീസ് ഇവര‍ുടെ മധ്യത്തിൽ വലയം തീർത്ത‍ു. ത‍ുടർന്നു തൊഴിലാളികൾ ജോലിക്ക‍ു കയറാൻ ശ്രമിച്ചപ്പോഴ‍ുണ്ടായ പിടിവലിയിലാണ‍ു പൊലീസ‍ുകാർ ഉൾപ്പെടെയ‍ുള്ളവർക്ക‍ു പര‍ുക്കേറ്റത്. കമ്പനിയിൽ ജോലിക്കെത്തിയ രാത്ത‍ുൽ റാം (30), രാജേഷ്. പി. അരവിന്ദ് (37), ഉണ്ണി എം. ജേക്കബ് (40) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശ‍ുപത്രിയിൽ പ്രവേശിപ്പിച്ച‍ു.

സിവിൽ പൊലീസ് ഓഫിസർമാരായ സി. ഷാൻക‍ുമാർ, കെ.ആർ. റെജീഷ്, എൻ.ആർ. പ്രശാന്ത്, പി.ജി. ഹരി എന്നിവർക്ക‍ും സിഐടിയ‍ുവിലെ നാല‍ു തൊഴിലാളികൾക്ക‍ും പര‍ുക്ക‍ുണ്ട്. സംഘർഷത്തിനിടെ ജോലിക്കെത്തിയവർക്ക‍ു നേരെ സമരക്കാർ ചാണകവെള്ളം തളിച്ചെന്നു ആക്ഷേപമ‍ുയർന്നു. എന്നാൽ ഇത‍ു യ‍ൂണിയൻ ഭാരവാഹികൾ നിഷേധിച്ച‍ു.

18 തൊഴിലാളികളെ കോയമ്പത്ത‍ൂരിലേക്ക‍ു സ്‍ഥലം മാറ്റിയതിനെതിരെ കഴിഞ്ഞ രണ്ടിനാണു സിഐടിയ‍ു ഉപരോധ സമരം ആരംഭിച്ചത്. മന്ത്രിതല ചർച്ചയില‍ും തീര‍ുമാനമാകാതെ വന്നതോടെയാണ‍് ഇന്നലെ തൊഴിലാളികൾ ഉപരോധം മറികടന്ന‍ു ജോലിക്ക‍ു കയറിയത്. വൈകിട്ടു കടയിര‍ുപ്പിൽ സിഐടിയ‍ുവിന്റെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി.

ലേബർ കമ്മിഷണർ ഇന്ന‍ു തിര‍ുവനന്തപ‍ുരത്ത് അന‍ുരഞ്ജന ചർച്ച നടത്ത‍ുന്ന‍ുണ്ട്. ഇന്നലെ രാത്രി സിപിഎം സംസ്‍ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്, സംസ്‍ഥാന കമ്മിറ്റി അംഗം സി.എൻ. മോഹനൻ, ജില്ലാ കമ്മിറ്റി അംഗം സി.ബി. ദേവദർശനൻ എന്നിവര‍ുടെ നേതൃത്വത്തിൽ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ച‍ു.