Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ എവിടെനിന്ന്? ഉറവിടം കണ്ടെത്താൻ വിദേശ ശാസ്ത്രസംഘവും

Nipah Virus

കോട്ടയം∙ കേരളത്തിലെ നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനു കേരളം വിദേശ ശാസ്ത്രസംഘത്തിന്റെ സഹായം തേടി. ഭാവിയിൽ നിപ്പ ചികിൽസയ്ക്കും പ്രതിരോധത്തിനും ഉറവിടം സംബന്ധിച്ച സ്ഥിരീകരണം വേണ്ടതിനാലാണു വിദേശ ശാസ്ത്രജ്ഞരെ ആശ്രയിക്കുന്നത്. മലേഷ്യയിലെ നിപ്പ രോഗബാധ, നിപ്പയ്ക്കു സമാനമായ ഓസ്ട്രേലിയയിലെ ഹെൻഡ്ര വൈറസ് ബാധ, അമേരിക്കയിലെ എബോള വൈറസ് എന്നിവയെക്കുറിച്ചു പഠനം നടത്തുന്നവരുടെ സഹായമാണു തേടുന്നത്.

ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിലിന്റെയും സഹായത്തോടെയാണു രാജ്യാന്തര ശാസ്ത്രസംഘത്തെ സമീപിക്കുന്നത്. ഇന്ന് ഇന്ത്യൻ മെഡിക്കൽ റിസർച് കൗൺസിൽ പ്രതിനിധികളും ആരോഗ്യവകുപ്പു പ്രതിനിധികളുമായി ചർച്ചയുണ്ട്. ഹെനിപ്പ (നിപ്പ–ഹെൻഡ്ര) വൈറസ് ഗവേഷകർ, വവ്വാലുകളെക്കുറിച്ചു പഠിക്കുന്നവർ, വൈറസ് രോഗ സംക്രമണം സംബന്ധിച്ചു ഗവേഷണം നടത്തുന്നവർ തുടങ്ങി വിവിധ മേഖലകളിലെ ഗവേഷകരുടെ സംഘമായിരിക്കും പഠനത്തിന് എത്തുകയെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പറഞ്ഞു.

ഇതുവരെ ഇന്ത്യയിലെ വിവിധ ശാസ്ത്രസംഘങ്ങളാണു പേരാമ്പ്രയിലും പരിസരത്തും ഉറവിട പരിശോധന നടത്തിയത്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ പടർന്നുപിടിച്ച ഹെൻഡ്ര വൈറസ് ബാധ തടയാൻ അവിടെയുള്ള ശാസ്ത്രജ്ഞർ വികസിപ്പിച്ച മരുന്നു കേരളത്തിൽ എത്തിച്ചിരുന്നു. എന്നാൽ നിപ്പ രോഗബാധ നിയന്ത്രണ വിധേയമായതിനെ തുടർന്നു മോണോക്ലോണൽ ആന്റിബോഡി വിഭാഗത്തിൽപ്പെട്ട എം 102.4 എന്ന മരുന്ന് ഉപയോഗിച്ചില്ല.

നിപ്പ ബാധ കണ്ടെത്തിയ പേരാമ്പ്ര മേഖലയിൽ വവ്വാലുകളിൽ പരിശോധന നടത്തിയെങ്കിലും വൈറസ് കണ്ടെത്തിയില്ല. വവ്വാലുകൾ തന്നെയാണോ, അതോ മറ്റേതെങ്കിലും മാർഗത്തിലൂടെയാണോ വൈറസ് കേരളത്തിൽ എത്തിയതെന്നു കണ്ടെത്തുകയാണു ലക്ഷ്യം. നിപ്പ ബാധ നിശ്ചിത ഇടവേളകളിൽ ആവർത്തിക്കുമെന്നതാണു വൈദ്യശാസ്ത്രസമൂഹം ആശങ്കയോടെ കാണുന്നത്. വൈറസിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടതു പ്രതിരോധത്തിന് അനിവാര്യമാണ്.