അലക്കിത്തേച്ച ഖദർ ഇട്ടു നടന്നിട്ടു കാര്യമില്ലെന്നു ചെന്നിത്തല

ആര്യനാട് (തിരുവനന്തപുരം)∙ അലക്കിത്തേച്ച ഖദർ വസ്ത്രം ഇട്ടു നടന്നിട്ടു മാത്രം കാര്യമില്ലെന്നും പാർട്ടിക്കുള്ളിലും പുറത്തും ഇപ്പോൾ നടക്കുന്നതു ഫോട്ടോയ്ക്കു വേണ്ടിയുള്ള ഇടി മാത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തി പ്രവർത്തകർ മുന്നോട്ടുപോകണമെന്നും രമേശ് പറഞ്ഞു. കോൺഗ്രസ് ഉഴമലയ്ക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃത്വ പഠന ക്യാംപിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയാണു പാർട്ടി പ്രവർത്തനത്തെപ്പറ്റി സ്വയം വിമർശനം നടത്തണമെന്ന സന്ദേശം രമേശ് പ്രവർത്തകർക്കു നൽകിയത്.

ജനകീയ പ്രശ്നങ്ങളിൽ പ്രവർത്തകർ സജീവമായി ഇടപെടണം. തിരഞ്ഞെടുപ്പ് എത്തുമ്പോഴാണ് ഇപ്പോൾ പ്രവർത്തകർ പലപ്പോഴും ആളുകളുടെ വീടുകളിൽ പോകുന്നത്. ഇതിനു മാറ്റമുണ്ടാകണം. തിരഞ്ഞെടുപ്പു സമയത്തു ചെലവുകൾക്കായി ബൂത്തിലേക്കു കൊടുക്കുന്ന പണം പങ്കുവയ്ക്കേണ്ടി വരുമോ എന്നു കരുതി ബൂത്ത് പ്രസിഡന്റുമാർ ആരെയും വിളിക്കാറില്ല.

ജനസമ്മിതിയുള്ള ആളെ ബൂത്ത് പ്രസിഡന്റാക്കണം. ബൂത്ത് പ്രസിഡന്റുമാർക്കു നിർബന്ധമായും അവരുടെ ബൂത്തിനു കീഴിൽ വരുന്ന വീടുകളുമായി നിരന്തര സമ്പർക്കമുണ്ടായിരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രവർത്തകർ തമ്മിലുള്ള ഐക്യമാണു പാർട്ടിയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഭവൻ പുനരുദ്ധാരണ ഫണ്ട് പ്രതിപക്ഷ നേതാവ് ഏറ്റുവാങ്ങി കെ.എസ്.ശബരീനാഥൻ എംഎൽഎയ്ക്കു കൈമാറി.