എംഎൽഎയുടെ മർദനം: രഹസ്യമൊഴിയുടെ പകർപ്പ് പൊലീസിനു ലഭിച്ചു

അഞ്ചൽ (കൊല്ലം) ∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎ റോഡിൽവച്ചു കയ്യിൽ കടന്നു പിടിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നു പരാതിപ്പെട്ട അഗസ്ത്യക്കോട് പുലിയത്ത് വീട്ടിൽ ഷീന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് പൊലീസിനു ലഭിച്ചു. മൊഴിയിൽ ഗണേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടെന്നു സൂചനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചൽ സിഐ ടി.സതികുമാറാണു മൊഴിപകർപ്പ് ഏറ്റുവാങ്ങിയത്.

മൊഴിയിലെ വിവരങ്ങൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നാണു സൂചന. ഇതിനിടെ എംഎൽഎയ്ക്കെതിരെ സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിനു സ്വീകരിക്കുന്ന വകുപ്പുകൾ ചുമത്തിയേക്കുമെന്ന സൂചനയെ തുടർന്ന് ഏതുവിധേനയും കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അറിയുന്നു. കഴിഞ്ഞ 13ന് ഉച്ചയ്ക്ക് ഒന്നരയോടെ അഗസ്ത്യക്കോട് വച്ച് ഷീനയും മകൻ അനന്തകൃഷ്ണനും എംഎൽഎയുടെ ഉപദ്രവത്തിന് ഇരകളായി എന്നാണു പരാതി.

ഇടുങ്ങിയ റോഡിൽ, ഗണേഷ്കുമാറിന്റെ കാറിന് എതിർദിശയിൽ കാറിൽ വന്ന അനന്തകൃഷ്ണൻ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. ഗണേഷ്കുമാർ അനന്തകൃഷ്ണനെ മർദിക്കുകയും തടസ്സം പിടിക്കാൻചെന്ന ഷീനയെ അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാട്ടുകയും ചെയ്തെന്നാണു പരാതി. എന്നാൽ ഗണേഷിനെതിരെ ദുർബല വകുപ്പുകളാണു ചുമത്തിയത്. മർദനമേറ്റ അനന്തകൃഷ്ണനെതിരെ കേസ് എടുക്കുകയും ചെയ്തു. പൊലീസിന്റെ ഒളിച്ചുകളി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.