പത്തനംതിട്ടയിൽ ടൈപ്പ് 3 ഡെങ്കിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട/തിരുവനന്തപുരം ∙ ജില്ലയിൽ ഡെങ്കിപ്പനിയുടെ ടൈപ്പ് 3 ഉണ്ടെന്നു സ്ഥിരീകരിച്ചു. ടൈപ്പ് വൺ, ടു, ഫോർ എന്നിവ ഇവിടെ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പനി ബാധിതരുടെ രക്ത സാംപിളുകളിൽ ചിലതു വൈറോളജി വിഭാഗത്തിൽ പരിശോധിച്ചപ്പോഴാണ് ടൈപ്പ് ത്രി രോഗം കണ്ടെത്തിയത്.

ടൈപ്പ് 3 ഡെങ്കിപ്പനി കഴിഞ്ഞ വർഷവും സംസ്ഥാനത്തു റിപ്പോർട്ട് ചെയ്തിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ടൈപ്പ് ത്രി കണ്ടെത്തിയിരുന്നു. പത്തനംതിട്ട ജില്ലയിൽ രണ്ടു പേർ പനി ബാധിച്ചതിന്റെ തൊട്ടടുത്ത ദിവസം മരിച്ചത് ഡെങ്കിപ്പനി മൂലമെന്നു സ്ഥിരീകരിച്ചിരുന്നു. ടൈപ്പ് ത്രീ ആകാമെന്ന സംശയം ബലപ്പെട്ടതിനെ തുടർന്നു പിന്നീടെത്തിയ രോഗികളുടെ രക്ത സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. അതിൽ നാറാണംമൂഴി സ്വദേശിയായ പെൺകുട്ടിക്കാണ് ടൈപ്പ് ത്രി രോഗബാധ കണ്ടെത്തിയത്.

ഹെമറേജ് ഡെങ്കു എന്നാണ് ഇത് അറിയപ്പെടുന്നത്. പനി ബാധിക്കുന്നവർ പെട്ടെന്നു തന്നെ പക്ഷാഘാതത്തിലേക്കു പോകുന്നതാണ് രോഗത്തിന്റെ പ്രത്യേകത. മരണപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ടൈപ്പ് വൺ, ടു, ഫോർ എന്നിവയിലേതെങ്കിലും പിടിപെട്ട രോഗികളിൽ ടൈപ്പ് ത്രി വരാനുള്ള സാധ്യത കൂടുതലുണ്ട്. മുൻപ് ഡെങ്കിപ്പനി വരാത്തവർക്കും ടൈപ്പ് ത്രി വരാം.

ഡെങ്കിപ്പനിക്കു മാത്രമായി പ്രത്യേക മരുന്നു നിലവിലില്ല. രക്താണുക്കളുടെ എണ്ണം നിലനിർത്താനുള്ള ചികിൽസയാണ് ചെയ്യുന്നത്. പനി, ജലദോഷം എന്നിവ തന്നെയാണ് ഡെങ്കിപ്പനിയുടെയും തുടക്കം. നാഡീവ്യൂഹത്തെ പെട്ടെന്നു ബാധിക്കുന്നതാണ് ടൈപ്പ് ത്രി ഡെങ്കിയുടെ ലക്ഷണം. പരമാവധി കൊതുകു കടിയിൽ നിന്ന് അകന്നുനിൽക്കുക മാത്രമാണ് പരിഹാര മാർഗം.

ഡെങ്കിപ്പനി ഇതുവരെ

∙ ടൈപ്പ് വൺ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസർകോട്

∙ടൈപ്പ് ടു പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർകോട്

∙ ടൈപ്പ് ത്രി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്

∙ ടൈപ്പ് ഫോർ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കാസർകോട്

∙ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഡെങ്കിപ്പനിയുടെ പുതുക്കിയ വിവരങ്ങൾ ജില്ലകളിൽ നിന്നും ലഭ്യമായിട്ടില്ല.