അമിത് ഷാ വരും, ബിജെപിയിൽ ‘ന്യൂജെൻ’ തന്ത്രങ്ങൾ വിരിയും

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടേതു ബൂത്ത് അടിസ്ഥാനമാക്കിയുള്ള ‘ന്യൂജെൻ’ ത‌ന്ത്രങ്ങൾ. നാളെ തിരുവനന്തപുരത്തെത്തുന്ന അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ ‌ഇതിന്റെ ഭാഗമായി ‘ബൂത്ത് തലം മുതൽ ഏറ്റവും മേൽത്തട്ടു വരെയുള്ള’ നേതൃത്വവുമായി ആശയവിനിമയം നടത്തുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ബൂത്തുകളെ എ, ബി, സി, ഡി വിഭാഗങ്ങളായി തരംതിരിച്ചാണു പ്ര‌ചാരണം ആസൂത്രണം ചെയ്യുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി‌ജെപിക്ക് താരതമ്യേന കൂടുതൽ വോട്ടു ലഭിച്ച ബൂത്തുകളും ശക്‌തികേന്ദ്രങ്ങളുമാണ് എ, ബി വിഭാഗങ്ങളിൽ. കാര്യമായ സ്വാധീനമില്ലാത്ത ബൂത്തുകൾ ഉൾപ്പെട്ടതാണു മറ്റു രണ്ടു വിഭാഗങ്ങൾ. പ്രവർത്തകരെ ഊർജസ്വലരാ‌ക്കി തിരഞ്ഞെടുപ്പിനു സന്നദ്ധരാക്കുകയെന്ന പ്രാഥമിക ല‌ക്ഷ്യത്തോടെയാണ് അധ്യക്ഷന്റെ സന്ദർശനം.

പുതിയ അംഗങ്ങളെ ചേർക്കുക, പാർട്ടിക്കു പിന്തുണ നൽകാനിടയുള്ള പുതിയ വിഭാഗങ്ങളെ കണ്ടെത്തുക, അനുഭാവം പുലർത്തുന്നവരെ പാർട്ടിയുടെ സജീവപ്രവർത്തകരാക്കുക, സ്വാധീനശക്തിയുള്ളവരെ പാർട്ടിക്ക് അനു‌കൂലമായി പ്രയോജനപ്പെടുത്തുക തുടങ്ങി ‘ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക’ സം‌സ്ഥാന ഘടക‌ത്തിനു കൈമാറിയായിരിക്കും ഷായുടെ മടക്കം. ഡി,സി ‌വിഭാഗങ്ങളിലുള്ള ബൂത്തുകളെ എ,ബി വിഭാഗത്തിലെത്തിക്കുകയെന്നതാണു പ്രവർത്തകർ ഏറ്റെടുക്കേണ്ട മു‌ഖ്യദൗത്യം. കഴിഞ്ഞ മാസം 10നു ഛത്തീസ്ഗഡിലാണ് അമിത് ഷാ സംസ്ഥാന പര്യടനപരിപാടി തുടങ്ങിയത്. ഈ മാസം എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം പൂർ‌ത്തിയാക്കും.