സെൻകുമാറിന് എതിരെ കുറ്റം കണ്ടെത്തയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

ടി.പി. സെൻകുമാർ

കൊച്ചി ∙ ഓൺലൈൻ മാധ്യമത്തിലെ അഭിമുഖത്തിൽ മതസ്പർധയുണ്ടാക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ചു മുൻ ഡിജിപി ടി.പി. സെൻകുമാറിനെതിരെയുള്ള കേസിൽ കുറ്റം കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.ആർ. ബിജു ഹൈക്കോടതിയെ അറിയിച്ചു. വസ്തുതാ റിപ്പോർട്ട് ക്രൈംബ്രാഞ്ചിലെ ക്രൈം സ്ക്രൂട്ടിനി വിഭാഗത്തിന്റെ അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.

കേസന്വേഷണം പൂർത്തിയാക്കി സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹർജി ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കോടതി തീർപ്പാക്കി. അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കണമെന്നു ജൂൺ ഒന്നിനു കോടതി നിർദേശിച്ചിരുന്നു. നിലവിൽ കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാവുന്ന സാഹചര്യമല്ലെന്നാണു പൊലീസിന്റെ വിശദീകരണം.

അന്വേഷണ നിഗമനങ്ങളും ശാസ്ത്രീയ പരിശോധനാഫലങ്ങളും കോടതിയിൽ സമർപ്പിക്കാതെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലെ തന്റെ നിയമനം വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണു സെൻകുമാർ കോടതിയിലെത്തിയത്.