കുറ്റം തെളിഞ്ഞാൽ കർശന നടപടി: കാതോലിക്കാ ബാവാ

കോട്ടയം ∙ വൈദികരിൽ ഒരു ന്യൂനപക്ഷത്തിലെങ്കിലും ആരോപിക്കപ്പെട്ടിരിക്കുന്ന കുറവുകൾ ഓർത്തഡോക്സ് സഭയ്ക്കു വേദനയുണ്ടാക്കിയെന്നും ഇത്തരം ആരോപണങ്ങൾ തന്നെ ദുഃഖിപ്പിക്കുന്നതായും സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.

സഭയ്ക്കു കീഴിലുള്ള ദേവാലയങ്ങളിൽ നാളെ വായിക്കാനുള്ള ബാവായുടെ കൽപനയിലാണ് ഇതു സംബന്ധിച്ച പരാമർശങ്ങൾ ഉള്ളത്. ആരോപണ വിധേയരായ വൈദികരെ അന്വേഷണ വിധേയമായി ചുമതലകളിൽ നിന്നു മാറ്റി നിർത്തിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന ശിക്ഷണ നടപടികളുണ്ടാകും. വൈദികരെ സംബന്ധിച്ചു പരാതിയുള്ളവർക്ക് അധികൃതരെ സമീപിക്കാമെന്നും അതേസമയം ഈ അവസരം മുതലെടുക്കുന്നവരെയും സഭയ്ക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നവരെയും തിരിച്ചറിയണമെന്നും ബാവാ ഓർമിപ്പിക്കുന്നു.