കെപിസിസി പ്രസിഡന്റ്: പേരുകൾ രാഹുലിനു നൽകി; തീരുമാനം ഉടൻ

ന്യൂഡൽഹി∙ കെപിസിസി പ്രസിഡന്റ് നിയമനം സംബന്ധിച്ചു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി. പദവിയിലേക്കു കേരളത്തിൽ നിന്നുയർന്നു വന്നിട്ടുള്ള പേരുകൾ വാസ്നിക്ക് രാഹുലിനെ അറിയിച്ചു.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം പ്രഖ്യാപനമുണ്ടാവുമെന്നും തീരുമാനം വൈകില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ അഭിപ്രായവും തീരുമാനത്തിൽ നിർണായകമാകും. കോൺഗ്രസ് പ്രവർത്തക സമിതി രൂപീകരണം സംബന്ധിച്ച ചർച്ചകളും ദേശീയ നേതൃത്വം ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ നടന്ന പ്ലീനറി സമ്മേളനം സമിതിയംഗങ്ങളെ തിരഞ്ഞെടുക്കാൻ രാഹുലിനെ ചുമതലപ്പെടുത്തിയിരുന്നു.

സമ്മേളനം കഴിഞ്ഞു നാലു മാസമായിട്ടും സമിതിയുടെ കാര്യത്തിൽ ഇനിയും തീരുമാനമാകാത്തതു പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ദേശീയ തലത്തിൽ വൻ തയാറെടുപ്പുകൾ നടത്തുമ്പോൾ, പാർട്ടിയുടെ ഉന്നത സമിതിയുടെ രൂപീകരണം വൈകിക്കൂടാ എന്ന സന്ദേശം മുതിർന്ന നേതാക്കൾ രാഹുലിനെ അറിയിച്ചിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി രാഹുൽ ചർച്ചയിലാണെന്നും സുപ്രധാന തീരുമാനങ്ങൾ വൈകാതെയുണ്ടാകുമെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. യുവത്വവും പരിചയസമ്പത്തും ചേർന്നതാവണം സമിതിയെന്നാണു രാഹുലിന്റെ നിലപാട്.

25 അംഗ പ്രവർത്തക സമിതിയിലേക്കു രാഹുലും സോണിയാ ഗാന്ധിയും ഒഴികെ 23 പേരെയാണു നാമനിർദേശം ചെയ്യേണ്ടത്.