എഐസിസിയുടെ സാരോപദേശം തള്ളി കെപിസിസി; തരൂരിനു പൂർണ പിന്തുണ

തിരുവനന്തപുരം∙ ‘ഹിന്ദു പാക്കിസ്ഥാൻ’ പ്രസ്താവനയിൽ ശശി തരൂരിനെ തിരുത്തുന്നതായി എഐസിസി സൂചന നൽകിയെങ്കിലും കെപിസിസി അദ്ദേഹത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വീണ്ടും അധികാരത്തിലേറിയാൽ ബിജെപി ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂർ എംപിയുടെ നിലപാടിനെ പൂർണമായി പിന്തുണയ്ക്കുന്നുവെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ വ്യക്തമാക്കി.

ഇതു ജനാധിപത്യ മതേതര വിശ്വാസികളായ കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരമാണ്. ആവശ്യമായ അംഗബലം തിരഞ്ഞെടുക്കപ്പെട്ട സഭകളിൽ ഉണ്ടായിരുന്നെങ്കിൽ പണ്ടേ ബിജെപി അങ്ങനെ ചെയ്യുമായിരുന്നു. പാക്കിസ്ഥാൻ പോലൊരു മതാധിപത്യ രാഷ്ട്രത്തെയാണ് അവർ ഇന്ത്യയിൽ സ്വപ്നം കാണുന്നത്. ഭീകരരുടെയും തീവ്രവാദികളുടെയും കേന്ദ്രമായി പ്രവർത്തിക്കുന്ന ആ രാജ്യത്തെ അനുകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഇന്ത്യൻ ജനത അംഗീകരിക്കില്ലെന്നും ഹസൻ പറഞ്ഞു.

ശശി തരൂർ പറഞ്ഞതു പ്രസക്തമായ കാര്യമാണെന്നും ഒരു തെറ്റുമില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട്ടു പറഞ്ഞു. തങ്ങളെല്ലാം ശങ്കിക്കുന്ന കാര്യംതന്നെയാണ് അദ്ദേഹം പറഞ്ഞത്. നരേന്ദ്ര മോദി സർക്കാരിനെക്കുറിച്ചുള്ള മുന്നറിയിപ്പു തന്നെയാണു തരൂരിന്റെ വാക്കുകളിലുള്ളത്. വീണ്ടും ഒരിക്കൽക്കൂടി അധികാരം കിട്ടിയാൽ ഭരണഘടന തന്നെ ബിജെപി പൊളിച്ചെഴുതുമെന്ന ആശങ്ക ശക്തമാണ്. തരൂർ അക്കാര്യം ചൂണ്ടിക്കാണിച്ചതിൽ ഒരു തെറ്റുമില്ല– ചെന്നിത്തല പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ തരൂരിന് ആദ്യംതന്നെ പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. തരൂർ പങ്കുവച്ച ഉത്കണ്ഠകൾക്ക് അടിസ്ഥാനമുണ്ട്. ഇന്ത്യയെ ഹിന്ദു മതാധിഷ്ഠിത രാഷ്ട്രമാക്കാനാണു സംഘപരിവാർ ശ്രമിക്കുന്നത്. ഏതു തരം തീവ്രവാദത്തെയും എതിർക്കുകയാണു കോൺഗ്രസുകാരന്റെ ധർമം. അതു പറയാൻ ധീരത കാട്ടിയ തരൂരിനെ അഭിവാദ്യം ചെയ്യുന്നു– സതീശൻ പറഞ്ഞു.

വീണ്ടും അധികാരത്തിലേറിയാൽ ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാൻ’ ആക്കാൻ ബിജെപി ശ്രമിക്കുമെന്നായിരുന്നു തരൂരിന്റെ പ്രസ്താവന. ബിജെപി ഇതിനെതിരെ രംഗത്തുവന്നപ്പോൾ നേതാക്കൾ മിതത്വം പാലിക്കണമെന്ന ഉപദേശമാണു കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജോവാല നൽകിയത്. എഐസിസിയുടെ ഈ സാരോപദേശമാണ് കെപിസിസി തള്ളിക്കളഞ്ഞത്.