വ്യാജ അക്ഷയ കേന്ദ്രങ്ങൾക്കെതിരെ മുന്നറിയിപ്പ്

തിരുവനന്തപുരം∙ അക്ഷയ കേന്ദ്രങ്ങൾക്കു സമാനമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന വ്യാജ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇലക്ട്രോണിക്സ്–വിവര സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലുടനീളം ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും സിസിഒമാരെ നിയമിക്കുന്നതിനുമായി വന്ന പത്ര പരസ്യങ്ങൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഈ അറിയിപ്പ്. ജനങ്ങൾക്കു ലഭിക്കേണ്ട വിവിധ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കേണ്ട ഇ–ഡിസ്ട്രിക്ട് സേവനങ്ങൾ ഉൾപ്പെടെ വിവിധ സർക്കാർ സേവനങ്ങൾക്കുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകളെ മാത്രമാണു ചുമതലപ്പെടുത്തിയിട്ടുള്ളത്.

അക്ഷയ സെന്ററുകളുടെ ലോഗിൻ വ്യാജമായി ഉപയോഗിച്ചാണ് അനധികൃത സെന്ററുകൾ പ്രവർത്തിക്കുന്നത്. രേഖകളുടെ സുരക്ഷ, സർട്ടിഫിക്കറ്റുകളുടെ ആധികാരികത, അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ് എന്നിവയെ ബാധിക്കുമെന്നതിനാൽ ജനസേവനകേന്ദ്രങ്ങൾ എന്ന പേരിൽ വ്യാപകമായി ഓൺലൈൻ സ്ഥാപനങ്ങൾ അക്ഷയകേന്ദ്രങ്ങളുടെ തൊട്ടടുത്ത് ആരംഭിക്കുന്നതു തടയാനും അനധികൃത സ്ഥാപനങ്ങൾ നിർത്തലാക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു സർക്കാർ നിർദേശം നൽകി.