കെപിസിസി പ്രസിഡന്റ്: തീരുമാനം വൈകില്ല

ന്യൂഡൽഹി ∙ കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനമെത്തിയതോടെ, എല്ലാ കണ്ണുകളും ഇനി കെപിസിസി അധ്യക്ഷനിലേക്ക്. കേരളത്തിൽ നിലവിലെ പ്രസിഡന്റ് തുടരണോ പുതിയ ആളെ നിയോഗിക്കണോ എന്ന കാര്യത്തിൽ അധ്യക്ഷൻ രാഹുൽ ഗാന്ധി ഉടൻ തീരുമാനമെടുക്കുമെന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം തന്റെ പരിഗണനയിലുണ്ടെന്നും തീരുമാനം വൈകില്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ വ്യക്തമാക്കിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവരാണു പരിഗണനയിലുള്ളത്.