ജലന്തർ ബിഷപ്പിനെതിരായ പരാതിയില്‍ വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കും

കോട്ടയം∙ ജലന്തർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ അന്വേഷണ സംഘം വത്തിക്കാൻ സ്ഥാനപതിയുടെ മൊഴി ശേഖരിക്കും. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിക്കുന്നതായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയോട് ഇ മെയിൽ സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നു പരാതിക്കാരിയായ കന്യാസ്ത്രീ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിനാലാണ് വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കുന്നത്.

ഇപ്പോഴത്തെ സ്ഥാനപതി ആർച്ച് ബിഷപ് ജിയാബാറ്റിസ്റ്റ ദിക്കാത്രോയുടെ ഡൽഹിയിലെ ഓഫിസിൽ എത്തി പരാതി നൽകിയ സംഭവം ശരിയാണോ എന്നും പൊലീസ് പരിശോധിക്കും. കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ അവരുടെ ബന്ധുക്കളും ഡൽഹിയിലാണ് താമസിക്കുന്നത്. അന്വേഷണ സംഘം ഇവരുടെയും മൊഴി എടുക്കും.

വൈക്കം ഡിവൈഎസ്പി കെ.സുഭാഷും സംഘവും ഇന്നു രാവിലെ ബെംഗളൂരുവിലേക്കു പോകും. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം കോൺവന്റിലുണ്ടായിരുന്ന മുൻ കന്യാസ്ത്രീയുടെ മൊഴി ശേഖരിക്കുന്നതിനാണിത്. അവർ സഭ വിട്ടതാണ്. ജലന്തർ സിറ്റി പൊലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹയും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറും കഴിഞ്ഞ ദിവസം അന്വേഷണം സംബന്ധിച്ച കാര്യങ്ങൾ ചര്‍ച്ച ചെയ്തു. കന്യാസ്ത്രീക്കെതിരെ ബിഷപ് ജലന്തർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബിഷപ്പിനെതിരായ പരാതിയെപ്പറ്റി കന്യാസ്ത്രീ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോടു സംസാരിക്കുന്ന ഫോൺ സംഭാഷണം ഇന്നലെ പുറത്തുവന്നു. കന്യാസ്ത്രീ നൽകിയ പരാതിയിൽ പീഡനം സംബന്ധിച്ച പരാമർശം ഇല്ലെന്നു കർദിനാൾ ബുധനാഴ്ച അന്വേഷണ സംഘത്തിനു മൊഴി നൽകിയ പശ്ചാത്തലത്തിലാണ് ഈ ഫോൺ സംഭാഷണം ചാനലുകൾ പുറത്തുവിട്ടത്.

പീഡനം നടന്നെങ്കിൽ തെറ്റായിപ്പോയിയെന്ന് കർദിനാൾ പറയുന്നതായി ഇതിൽ കേൾക്കാം. കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ പ്രസിഡന്റിനു പരാതി നൽകാൻ കർദിനാൾ കന്യാസ്ത്രീയെ ഉപദേശിക്കുന്നുമുണ്ട്. ഈ ഫോൺ സംഭാഷണത്തിന്റെ നിജസ്ഥിതി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നാൽ പരാതിക്കാരിയായ കന്യാസ്ത്രീ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി നടത്തുന്ന ഫോൺ സംഭാഷണം, പീഡന ആരോപണത്തെക്കുറിച്ചു കർദിനാളിനു നേരത്തേ അറിവുണ്ടായിരുന്നെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതു തെറ്റിദ്ധാരണജനകമെന്നു സിറോ മലബാർ സഭ അറിയിച്ചു. ഇൗ ഫോൺ സംഭാഷണത്തെക്കുറിച്ചു നേരത്തെതന്നെ പൊലീസിനോടു വിശദീകരിച്ചിരുന്നു. സന്യാസിനി സമൂഹത്തിൽ തനിക്കു നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണു കന്യാസ്ത്രീ കർദിനാളിനെ അറിയിച്ചത്.

സന്യാസിനി സമൂഹത്തിന്റെ കാര്യത്തിൽ തനിക്കു അധികാരമില്ലെന്നതിനാൽ വിഷയം അപ്പസ്‌തോലിക് നുൺഷ്യോയുടെയോ സിസിബിഐ പ്രസിഡന്റിന്റെയോ ശ്രദ്ധയിൽപ്പെടുത്താൻ ഉപദേശിക്കുകയാണു കർദിനാൾ ചെയ്തത്. ലൈംഗിക പീഡനം നേരിടേണ്ടിവന്നുവെന്നു കന്യാസ്ത്രീ സംഭാഷണത്തിലെവിടെയും പറയുന്നില്ലെന്നും വ്യാജപ്രചാരണം നടത്തി സഭയെയും സഭാനേതൃത്വത്തെയും അവഹേളിക്കാനുള്ള ശ്രമങ്ങൾ അപലപനീയമാണെന്നും സഭാ കാര്യാലയം അറിയിച്ചു.