ഉരുട്ടിക്കൊന്നത് പൊലീസ് തന്നെ

ഹൃദയമുരുകി: തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ പ്രതികളെല്ലാവരും കുറ്റക്കാരെന്ന വിധി കേട്ട ശേഷം കോടതിമുറിയിൽ നിന്നു പുറത്തേക്കു വന്നപ്പോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

തിരുവനന്തപുരം∙ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ ഇന്നു വിധിക്കും. 

നഗരത്തിലെ പാർക്കിൽനിന്നു മോഷണക്കേസ് പ്രതിയോടൊപ്പം കസ്റ്റഡിയിലെടുത്ത കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാർ (28) തുടയിലെ രക്തധമനികൾ പൊട്ടി 2005 സെപ്റ്റംബർ 27നു രാത്രി പത്തരയോടെയാണു മരിച്ചത്. 

അജിത് കുമാർ, കെ. ജിതകുമാർ, എസ്.വി. ശ്രീകുമാർ, ഇ.കെ. സാബു

ഒന്നും രണ്ടും പ്രതികളായ, ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ്.വി.ശ്രീകുമാർ എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഇരുവരെയും റിമാൻഡ് ചെയ്തു സ്പെഷൽ സബ് ജയിലിലേക്കു മാറ്റി. അഞ്ചു മുതൽ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞു. ഇന്നു രാവിലെ വരെ ജാമ്യത്തിൽ തുടരാൻ ഇവരെ കോടതി അനുവദിച്ചു. കൊല നടക്കുമ്പോൾ അജിത്കുമാർ ഫോർട്ട് സ്റ്റേഷനിലെ എസ്ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. 

മൂന്നാം പ്രതി എഎസ്ഐ: കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയിൽ മരിച്ചതിനാൽ ശിക്ഷ ബാധകമല്ല. നാലാം പ്രതി വി.പി.മോഹനനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. 

ആദ്യ മൂന്നു പ്രതികളാണു കുറ്റകൃത്യത്തിൽ നേരിട്ടു പങ്കാളികളായത്. കൂറുമാറിയ മുഖ്യസാക്ഷി സുരേഷിനെതിരെ നിയമ നടപടി സ്വീകരിക്കാൻ കോടതി സിബിഐക്ക് അനുമതി നൽകി. 

ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 13 വർഷത്തിനു ശേഷമാണു വിധി. പ്രഭാവതിയമ്മ ഇന്നലെ കോടതിയിലെത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസം മോഷണക്കുറ്റം ആരോപിച്ചു പിടികൂടിയ ഉദയകുമാറിനെ ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയാക്കി കൊന്നുവെന്നാണു സിബിഐയുടെ കണ്ടെത്തൽ. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 2008 ഓഗസ്റ്റിലാണു സിബിഐ ഏറ്റെടുത്തത്.  

പ്രോസിക്യൂഷൻ കോടതിയിൽ:

‘അടിയന്തരാവസ്ഥക്കാലത്തു മാത്രം കേട്ടിരുന്ന ഉരുട്ടൽ പോലുള്ള മൃഗീയ മർദനമുറകൾ നിർത്തലാക്കേണ്ട സമയമായി. സാധാരണ കൊലപാതകമായി ഇതിനെ കാണാൻ കഴിയില്ല. നിയമം സംരക്ഷിക്കേണ്ട പൊലീസുകാർ തന്നെ ഇതു ലംഘിച്ചു. അതിനാൽ പ്രതികൾക്കു പരമാവധി ശിക്ഷ നൽകണം, ഉദയകുമാറിന്റെ അമ്മയ്ക്കു നഷ്ടപരിഹാരം നൽകണം.’

പ്രതിഭാഗം കോടതിയിൽ: 

‘പ്രതികൾ കൊലപാതകം നടത്തിയതിനു നേരിട്ടു തെളിവില്ല. കണ്ടെത്തിയ പല കാര്യങ്ങളും തെളിയിക്കാൻ സിബിഐക്കു സാധിച്ചിട്ടില്ല’

കേസിൽ നിർണായകം: 

ഉദയകുമാർ മരിച്ചതു തുടയിലെ രക്തധമനികൾ പൊട്ടിയതുകൊണ്ടാണെന്ന മുൻ ഫൊറൻസിക് ഡയറക്ടർ ശ്രീകുമാരിയുടെ മൊഴി. 

പോസ്റ്റുമോർട്ടം റിപ്പോർട്ട്:

ഉദയകുമാറിന്റെ ദേഹത്ത് ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ. 

പ്രതികൾ ഇപ്പോൾ:

കെ. ജിതകുമാർ: ഡിസിആർബി എഎസ്ഐ

എസ്.വി. ശ്രീകുമാർ: നാർക്കോട്ടിക് സെൽ സിവിൽ പൊലീസ് ഓഫിസർ

അജിത് കുമാർ: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി 

ടി.കെ. ഹരിദാസ്, ഇ.കെ. സാബു: എസ്പിമാരായി വിരമിച്ചു