ആദിവാസികളായ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ആദിവാസിപ്പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ റിജു, അമൽ

മാനന്തവാടി ∙ ആദിവാസികളായ സ്കൂൾ വിദ്യാർഥിനികളെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം ഊട്ടിയിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് വളയം തൊണ്ടിയിൽ പി.റിജു(32), കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി ചാലിൽ അമൽ(26) എന്നിവരെയാണ് മാനന്തവാടി സ്‌പെഷൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പി കുബേരൻ നമ്പൂതിരിയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്.

മാനന്തവാടി നഗരസഭാ പരിധിയിലുള്ള എസ്‌റ്റേറ്റിലെ പ്ലസ് വൺ വിദ്യാർഥിനിയായ പതിനേഴുകാരിയെ പീഡിപ്പിക്കുകയും ഏഴാം ക്ലാസിൽ പഠിക്കുന്ന പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു പരാതി. മാനഭംഗം, പീഡനശ്രമം, പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതി പട്ടിക വർഗ അതിക്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 

16നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഇരുവരെയും പ്രലോഭിപ്പിച്ച് കാറിൽ കയറ്റി ഊട്ടിയിലേക്കു കൊണ്ടുപോകുകയായിരുന്നു. പിറ്റേദിവസം പ്രതികൾ പെൺകുട്ടികളെ ഗൂഡല്ലൂരിൽ കൊണ്ടുവന്ന് ഇറക്കിവിട്ടു. ബസിൽ നാട്ടിലേക്കു പൊയ്‌ക്കോളാൻ പറഞ്ഞ് 500 രൂപയും നൽകി. പെൺകുട്ടികൾ തിരിച്ചു വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഉൗർജിതമായതോടെ ഇരുവരും ഒളിവിൽപോയി. പ്രതികളുടെ വീടുകളിലും മറ്റും പൊലീസ് പരിശോധന നടത്തി. പിടികൂടുമെന്ന് ഉറപ്പായതോടെ പ്രതികൾ ചൊവ്വാഴ്ച രാത്രി കീഴടങ്ങുകയായിരുന്നു.

ജൂൺ 24ന് റിജുവിന്റെ ഫോണിൽനിന്ന് പതിനേഴുകാരിയുടെ മൊബൈൽ ഫോണിലേക്ക് മിസ്ഡ് കോൾ വന്നിരുന്നു. പെൺകുട്ടി തിരിച്ചുവിളിച്ചതോടെയാണ് ബന്ധം തുടങ്ങിയത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനാലുകാരിയെ പരിചയപ്പെട്ട റിജു ഈ കുട്ടിയെ അമലിനു പരിചയപ്പെടുത്തുകയായിരുന്നു. കൽപ്പറ്റയിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.