ദേശീയ വനിതാ കമ്മിഷൻ മുറത്തിൽകയറി കൊത്തുന്നു: മാർ പെരുന്തോട്ടം

കോട്ടയം∙ കുമ്പസാരത്തെക്കുറിച്ചുള്ള ദേശീയ വനിതാകമ്മിഷൻ അധ്യക്ഷയുടെ പരാമർശം ‘കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുന്നു’ എന്ന പഴഞ്ചൊല്ലിനെ അനുസ്‌മരിപ്പിക്കുന്നതാണെന്നു ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.

കുമ്പസാരം നിരോധിക്കണമെന്നോ സ്‌ത്രീകളെ പുരുഷന്മാരായ വൈദികർ കുമ്പസാരിപ്പിക്കുന്നത് നിരോധിക്കണമെന്നോ ഉള്ള വനിതാ കമ്മിഷന്റെ നിർദ്ദേശം അജ്‌ഞതകൊണ്ടാണെങ്കിൽ, കാര്യങ്ങൾ നന്നായി മനസ്സിലാക്കി അബദ്ധം ഏറ്റുപറഞ്ഞ് ഉന്നതമായൊരു ദേശീയ പദവിയുടെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കാൻ തയാറാകണം.

മറിച്ച്, ന്യായീകരിക്കാനാണു തുനിയുന്നതെങ്കിൽ ഇങ്ങനെയൊരു പദവിക്ക് അർഹതയില്ലെന്നു പറയേണ്ടിവരുമെന്നും പെരുന്തോട്ടം പറഞ്ഞു. കുമ്പസാരംപോലെയുള്ള മത വിശ്വാസവിഷയങ്ങൾ പൊതുവേദിയിൽ വിവാദവിഷയമാക്കേണ്ടതല്ല. ‘സീസറിന്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ ആയിരിക്കട്ടെയെന്നും പെരുന്തോട്ടം പറഞ്ഞു.