കുമ്പസാരം: ഓർത്തഡോക്സ് സഭയുടെ പ്രതിഷേധദിനം അഞ്ചിന്

കോട്ടയം∙ കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയുടെ നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ ഓഗസ്റ്റ് അഞ്ച് പ്രതിഷേധദിനമായി ആചരിക്കുമെന്ന് എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസും സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മനും അറിയിച്ചു.

നിക്ഷിപ്‌ത താൽപര്യങ്ങളോടെ മതസ്‌പർധ വളർത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഈ നീക്കം എന്നു സംശയിക്കുന്നതായി അവർ പറഞ്ഞു. ഒരു മതാനുഷ്‌ഠാനം നിരോധിക്കണമെന്ന വികലവും വിചിത്രവുമായ ശുപാർശ വേണ്ടത്ര അന്വേഷണമോ പഠനമോ വിശകലനമോ നടത്താതെയാണു സമർപ്പിച്ചിട്ടുള്ളത്. ഈ നീക്കങ്ങളിൽനിന്നു പിന്മാറണമെന്നും സഭ അഭ്യർഥിച്ചു.