നിമിഷയ്ക്ക് നാട് വിട നൽകി, കണ്ണീരോടെ

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിമിഷയുടെ മൃതദേഹത്തിൽ അന്ത്യചുംബനം നൽകുന്ന പിതാവ് തമ്പി.

കിഴക്കമ്പലം (കൊച്ചി) ∙ മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം ത‍ടയുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്തു കൊലപ്പെടുത്തിയ നിമിഷയ്ക്ക് നാടു കണ്ണീരോടെ വിട നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം കളമശേരി ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ എട്ടിനു കൊലപാതകം നടന്ന എടത്തിക്കാട് വീട്ടിലെത്തിച്ചു.

നിമിഷയെ അവസാനമായി ഒരുനോക്കു കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആയിരങ്ങളാണ് എത്തിയത്. തളർന്നു വീണ മാതാവ് ശലോമിയെ സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്കു ശേഷം 10.30നു വീട്ടിൽ എത്തിച്ചു. പിതാവ് തമ്പിയെയും സഹോദരി അന്നയെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. 11ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം വിലാപയാത്രയായി മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ചു.

കണ്ണീരടക്കാൻ പാടുപെട്ട് സഹപാഠികൾ

പള്ളിയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നിമിഷ പഠിച്ചിരുന്ന മാറംപിള്ളി എംഇഎസ് കോളജിലെ വിദ്യാർഥികളും അധ്യാപകരും അന്തിമോപചാരം അർപ്പിച്ചു. സഹപാഠികളായ വിദ്യാർഥികൾ കരച്ചിലടക്കാൻ പാടുപെട്ടു.

ആശുപത്രിക്കിടക്കയിൽ നിന്ന് പിതൃസഹോദരനെത്തി

കൊലപാതക ശ്രമത്തിൽ നിന്നു നിമിഷയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്ക്കു ഗുരുതര പരുക്കേറ്റ് ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിൽസയിലിരുന്ന പിതൃസഹോദരൻ ഏലിയാസിനെ ആശുപത്രിയിൽ നിന്നു ആംബുലൻസിൽ പള്ളിയിലെത്തിച്ചു. ഏലിയാസിനെ നിമിഷയുടെ മൃതശരീരത്തിനടുത്തേക്ക് എത്തിച്ചപ്പോൾ ബന്ധുക്കളുടെയും കൂടി നിന്നവരുടെയും കൂട്ടക്കരച്ചിലായി.

കരച്ചിലടക്കാൻ പാടുപെട്ട ഏലിയാസിനെ ബന്ധുക്കളും നാട്ടുകാരും ആശ്വസിപ്പിച്ചു. പള്ളിയിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ മൃതദേഹം സംസ്കരിച്ചു. സംസ്കാര ശുശ്രൂഷകൾക്കു ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ് എന്നിവർ നേതൃത്വം നൽകി.