ഷുഹൈബ് വധം: ഡിസിസി പ്രസിഡന്റ് 48 മണിക്കൂർ നിരാഹാരമിരിക്കും‌

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിൽ പങ്കുള്ള മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി 48 മണിക്കൂർ നിരാഹാര സമരം നടത്തും. കലക്ടറേറ്റിനു മുന്നിൽ എട്ടിനു രാവിലെ 10ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ഏരിയാ, ലോക്കൽ നേതാക്കളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പാച്ചേനി ആരോപിച്ചു. സിപിഎം നേതാക്കളുടെ പങ്ക് ആദ്യഘട്ട അന്വേഷണത്തിൽത്തന്നെ പൊലീസിനു ബോധ്യപ്പെട്ടിട്ടും, കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ക്രിമിനലുകളെ മാത്രം പ്രതിയാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.

ഗൂഢാലോചന കണ്ടെത്തുമെന്നും തുടരന്വേഷണം ഉണ്ടാവുമെന്നുമുള്ള സർക്കാരിന്റെ ഉറപ്പിനെത്തുടർന്നാണ് സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. എന്നാൽ ഉറപ്പുകൾ ലംഘിക്കപ്പെട്ടു. കുറ്റപത്രത്തിൽ പറഞ്ഞ 12 മുതൽ 17വരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും പൊലീസ് തയാറായിട്ടില്ല– കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

വൻതുക പ്രതിഫലം വാങ്ങുന്ന അഭിഭാഷകരാണ് പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാവുന്നത്. ഷുഹൈബിന്റെ രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ സിബിഐ അന്വേഷണം ഒഴിവാക്കാനും ക്രിമിനലുകളെ സംരക്ഷിക്കാനുമാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ താൽപര്യപ്രകാരമാണു കുറ്റപത്രം തയാറാക്കിയതെന്നും കെപിസിസി അംഗങ്ങളായ എം.പി.മുരളി, മാർട്ടിൻ ജോർജ് എന്നിവർ ആരോപിച്ചു.