കന്യാസ്ത്രീക്കെതിരെ ബന്ധു നൽകിയ പരാതിയിൽ കഴമ്പില്ലെന്നു പൊലീസ്

ന്യൂഡൽഹി/ കോട്ടയം ∙ പീഡനം സംബന്ധിച്ചു ജലന്തർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ബന്ധുവായ സ്ത്രീ നൽകിയ സ്വഭാവദൂഷ്യ പരാതിയിൽ കഴമ്പില്ലെന്നു പൊലീസ് വ്യക്തമാക്കി. ഡൽഹിയിൽ താമസിക്കുന്ന ബന്ധുവിൽനിന്നു മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണു പൊലീസ് ഇക്കാര്യം അറിയിച്ചത്.

മദർ ജനറലിനു പരാതി നൽകിയിരുന്നതായി ബന്ധു പൊലീസിനെ അറിയിച്ചു. സംശയങ്ങളുടെ പേരിലാണു പരാതി നൽകിയതെന്ന് അവരുടെ ഭർത്താവും മൊഴി നൽകി. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കന്യാസ്ത്രീയുടെ ഡൽഹിയിലെ ബന്ധുവിന്റെയും ഭർത്താവിന്റെയും മൊഴി എടുത്തത്.

കന്യാസ്ത്രീ ഉൾപ്പെട്ട മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹം മദർ ജനറലിനു നൽകിയ പരാതി പൊലീസിനു ലഭിച്ചിരുന്നു. തന്നെ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ 13 വട്ടം പീഡിപ്പിച്ചെന്നു സന്യസ്ത സമൂഹം നാടുകുന്ന് കോൺവെന്റിലെ കന്യാസ്ത്രീയാണു പരാതി നൽകിയത്. ഇതിനിടെ കന്യാസ്ത്രീക്കെതിരെ ബന്ധുവിന്റെ പരാതിയും പുറത്തുവന്ന സാഹചര്യത്തിലാണ് ഇവരുടെ മൊഴി എടുത്തത്.

ഇന്നലെ വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിൽ പൊലീസ് സംഘം സമീപിച്ചെങ്കിലും സ്ഥാനപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി കിട്ടിയില്ല. മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. അനുമതി നേടി നാളെ എത്താനും നിർദേശിച്ചു. സ്ഥാനപതിക്കു കന്യാസ്ത്രീ നൽകിയ പരാതി സംബന്ധിച്ച വിവരങ്ങൾ തിരക്കാനാണു പൊലീസ് എത്തിയത്. ഈ സാഹചര്യത്തിൽ സ്ഥാനപതിക്കു കന്യാസ്ത്രീ നൽകിയ പരാതിയുടെ ഇമെയിൽ പകർപ്പ് ശേഖരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ പറഞ്ഞു.

ഇന്ന് അന്വേഷണ സംഘം ഉജ്ജയിൻ ബിഷപ്പിന്റെ മൊഴി എടുക്കും. ഉജ്ജയിൻ ബിഷപ്പിനു കന്യാസ്ത്രീ പരാതി നൽകിയതിനാലാണിത്. അതിനിടെ അന്വേഷണത്തിൽ ഇടപെട്ടുവെന്ന ആരോപണത്തിൽ കുറവിലങ്ങാട് സ്റ്റേഷനിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അടുത്ത ദിവസം ഈ ഉദ്യോഗസ്ഥന്റെ മൊഴി എടുക്കുമെന്നു സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എസ്.പാർഥസാരഥി പിള്ള പറഞ്ഞു.

ഉദ്യോഗസ്ഥൻ കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നടത്തിയ നീക്കങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഒന്നരമാസം മുൻപ് അവധിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥൻ ഇതുവരെ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് വലിയ താൽപര്യം കാണിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥനു സഭയുമായുള്ള അടുപ്പമാണ് ഇതിനു കാരണമെന്നു പറയപ്പെടുന്നു. പിന്നീട് കേസ് റജിസ്റ്റർ ചെയ്തപ്പോഴേക്കും ഇദ്ദേഹം അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ശാരീരിക അസ്വാസ്ഥ്യം, സഹോദരന്റെ മരണം തുടങ്ങിയവ കാരണമാണ് അവധി തുടരുന്നതെന്നാണു വിശദീകരണം.

കേസിലെ പ്രധാന സാക്ഷികളിലൊരാളായ മറ്റൊരു കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചതിനു കേസിൽപെട്ട ഫാ. ജെയിംസ് എർത്തയിലും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ അടുപ്പുമുണ്ടായിരുന്നതായും ആരോപണം ഉയർന്നിരുന്നു. എർത്തയിലിനെതിരെ കേസ് റജിസ്റ്റർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഉദ്യോഗസ്ഥൻ കുര്യനാട്ടെ ആശ്രമത്തിൽ എത്തിയത് വിവാദമായിരുന്നു. എർത്തയിലിന്റെ മൊഴിയെടുക്കാൻ ചെന്ന വൈക്കം ഡിവൈഎസ്പി പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം കാണുകയും ചെയ്തു.