ഷുഹൈബ് വധക്കേസ് പ്രതികൾക്ക് വേണ്ടി ‘പാർട്ടി കുറി’

കണ്ണൂർ ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികളുടെ കേസ് നടത്തിപ്പിനായി സിപിഎം പിന്തുണയോടെ ‘പാർട്ടി കുറി’. കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തി സിപിഎമ്മിൽനിന്നു പുറത്താക്കിയ രണ്ടു പേർ ഉൾപ്പെടെ അഞ്ചു പ്രതികളുടെ കേസ് നടത്തിപ്പാണു കുറിയുടെ ലക്ഷ്യം. പ്രതികളുടെ കുടുംബങ്ങൾക്കുള്ള മാസച്ചെലവും ഇതിൽനിന്നു നൽകും. മട്ടന്നൂർ പാലയോട്ടെ സിപിഎം ഓഫിസിനോടു ചേർന്നു പ്രവർത്തിക്കുന്ന ഇടതുപക്ഷ യുവജന ക്ലബ്ബാണു കുറി നടത്തിപ്പുകാർ. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബി(30)നെ കഴിഞ്ഞ ഫെബ്രുവരി 12ന് അർധരാത്രിയോടെയാണ് എടയന്നൂർ തെരൂരിൽ തട്ടുകടയിൽ വെട്ടിക്കൊലപ്പെടുത്തിയത്. പിടിയിലായ സിപിഎമ്മുകാരായ 11 പ്രതികളിൽ അഞ്ചു പേർ തെരൂർ പാലയോട് സ്വദേശികളും ആറു പേർ തില്ലങ്കേരി മേഖലയിൽ നിന്നുള്ളവരും ആയിരുന്നു. ഇവരിൽ പാലയോട് സ്വദേശികളായ അഞ്ചു പേർക്കു വേണ്ടിയാണു കുറി നടത്തുന്നത്.

പ്രതികൾക്കു വേണ്ടി നേരിട്ടു പണപ്പിരിവു നടത്തുന്നുവെന്ന ആരോപണം ഒഴിവാക്കാനാണു കുറി ഏർപ്പെടുത്തിയത്. ഷുഹൈബിന്റെ നാടായ മട്ടന്നൂർ കീഴല്ലൂരിലെ പാലയോട്, തെരൂർ, എളമ്പാറ പ്രദേശങ്ങളിലെ 1,000 പേരിൽനിന്ന് പ്രതിമാസം 1,000 രൂപ വീതം ഈടാക്കുന്നതാണു കുറി. 21 മാസത്തിനു ശേഷം 20,000 രൂപ വിലയുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ അംഗങ്ങൾക്കു തിരികെ നൽകും. 21 മാസത്തെ കുറിയിൽ ആദ്യ മാസത്തെ ആകെ തുകയായ 10 ലക്ഷം രൂപ നടത്തിപ്പുകാരെന്ന നിലയിൽ ക്ലബ്ബിനു ലഭിക്കും. കുറിയുടെ കാലാവധി കഴിയും വരെ വലിയ തുകയും കൈവശം വരും. ഇതു രണ്ടും ഉപയോഗിച്ചു പ്രതികളുടെ കേസും കുടുംബച്ചെലവും നടത്തിക്കൊണ്ടു പോകാനാണു തീരുമാനം. ചിട്ടിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പാർട്ടികേന്ദ്രങ്ങളിലെ കുടുംബങ്ങളെയാണു പ്രധാനമായും കുറിയിൽ ഉൾപ്പെടുത്തുന്നത്. ഒരു കുടുംബത്തിലെ വരുമാനമുള്ള മുഴുവൻ അംഗങ്ങളും ചിട്ടിയിൽ ചേരണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ‘നറുക്കെടുപ്പിൽ വിജയിയായാൽ തുടർന്നു പണം നൽകേണ്ട’ എന്നു വാഗ്ദാനം നൽകി‌ പാർട്ടിക്കു സ്വാധീനം കുറഞ്ഞ മേഖലയിൽ നിന്നും ആളുകളെ ചേർക്കുന്നുണ്ട്. ഷുഹൈബ് വധത്തിൽ ബന്ധമുള്ള സിപിഎം പ്രാദേശികനേതാക്കളുടെ പിന്തുണയോടെയാണു ചിട്ടി നടത്തിപ്പ്. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണു ഷുഹൈബിനെ ആക്രമിച്ചതെന്നു പ്രധാന പ്രതിയായ ആകാശ് തില്ലങ്കേരി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. എടയന്നൂരിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പിന്തുണയോടെയാണു ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നു പൊലീസും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.