ബിഷപ്പിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇന്നു ജലന്തറിൽ

കോട്ടയം ∙ കന്യാസ്ത്രീ നൽകിയ പരാതിയിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം ഇന്നു ജലന്തറിൽ എത്തും. പൊലീസ് കമ്മിഷണർ പ്രവീൺ കുമാർ സിൻഹയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും സംഘം രൂപതാ ആസ്ഥാനത്തേക്കു പോകുക.

വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു രാവിലെ ഡൽഹിയിൽനിന്നു ജലന്തറിലേക്കു പുറപ്പെടും. മൂന്നു ദിവസത്തിനുള്ളിൽ ജലന്തറിലെ അന്വേഷണം പൂർത്തിയാക്കാനാണ് സംഘത്തിനു കിട്ടിയ നിർദേശം. ഇതുവരെ ലഭിച്ച തെളിവുകൾ സംബന്ധിച്ച സ്ഥിരീകരണം, കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള തെളിവുകളുടെ ശേഖരണം എന്നിവയാണ് സംഘം നടത്തുക.

പീഡനക്കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നാണു സൂചന. ജലന്തറിൽനിന്നു ലഭിക്കുന്ന തെളിവുകൾ കോട്ടയത്തു തിരിച്ചെത്തി വീണ്ടും പരിശോധിക്കാനും സാധ്യതയുണ്ട്. അതിനിടെ കേസിൽ ഇടപെടാൻ ശ്രമിച്ചുവെന്നതു സംബന്ധിച്ച് കുറവിലങ്ങാട് മുൻ എസ്ഐ ഷിന്റോ പി. കുര്യനെതിരെയുള്ള സ്പെഷൽ ബ്രാഞ്ച് അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് ഇന്നു ജില്ലാ പൊലീസ് മേധാവിക്കു സമർപ്പിച്ചേക്കും.