ഇ.പി. ജയരാജൻ വ്യവസായ മന്ത്രി തന്നെ

തിരുവനന്തപുരം∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

മുൻപു വഹിച്ചിരുന്ന വ്യവസായവും കായികക്ഷേമവും തന്നെ ജയരാജനു ലഭിക്കും. ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീനാണു പുതിയ തദ്ദേശഭരണ മന്ത്രി. അതോടെ കെ.ടി.ജലീലിന് ഈ പ്രധാന വകുപ്പു നഷ്ടമായി. സി.രവീന്ദ്രനാഥിന്റെ വിദ്യാഭ്യാസ വകുപ്പു വിഭജിച്ച് ഉന്നതവിദ്യാഭ്യാസം ജലീലിനു നൽകി. രവീന്ദ്രനാഥിന് ഇനി പൊതുവിദ്യാഭ്യാസം മാത്രം. നിലവിൽ വഹിച്ചിരുന്ന ന്യൂനപക്ഷം, ഹജ് എന്നിവയുടെ ചുമതലയിലും ജലീൽ തുടരും. 

ജയരാജനെ തിരിച്ചെടുക്കുന്നതോടെ പിണറായി മന്ത്രിസഭയുടെ അംഗസംഖ്യ 19ൽ നിന്ന് 20 ആയി. ജയരാജനെ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള അഴിച്ചുപണിയിൽ മന്ത്രിസഭയുടെ കാര്യക്ഷമത വർധിപ്പിക്കാനുളള സാധ്യതയും ആരായണമെന്ന ‘അവെയ്‍ലബ്ൾ പിബി’ നിർദേശം രാവിലെ 11നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. സെക്രട്ടേറിയറ്റിന്റെ ശുപാർശ തുടർന്നു സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു.