ഒരു മൃതദേഹം കൂടി കണ്ടെടുത്തു; ‘ഓഷ്യാനിക്’ ബോട്ടിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ കടലിനടിയിൽ കണ്ടെത്തി

കൊച്ചി∙ മീൻപിടിത്ത ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒരു മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ പെട്ട ‘ഓഷ്യാനിക്’ ബോട്ടിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ കടലിനടിയിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ അപകടത്തിൽ പെട്ട അഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു.

അപകടത്തിൽ മരിച്ച മാല്യങ്കര തറയിൽ വീട്ടിൽ സിജുവിന്റെ (42) മൃതദേഹം ഇന്നലെ രണ്ടരയോടെ സംസ്കരിച്ചു. ബോട്ടിലെ സ്രാങ്കായ സിജുവിന്റെ മൃതദേഹം ശനിയാഴ്ച വൈകിട്ടാണു കണ്ടെടുത്തത്. മൃതദേഹം സിജുവിന്റേതാണെന്നു ബന്ധുക്കൾ ഉറപ്പിച്ചുവെങ്കിലും പിന്നീടു തമിഴ്നാട്ടുകാരനായ തൊഴിലാളിയുടേതാണെന്നു ചിലർ അവകാശപ്പെട്ടത് ആശയക്കുഴപ്പത്തിനു കാരണമായി.

അപകടത്തിൽനിന്നു രക്ഷപ്പെട്ട എഡ്വിൻ എത്തി മൃതദേഹം സിജുവിന്റേതു തന്നെയാണെന്ന് ഉറപ്പിച്ച ശേഷമാണു വീട്ടിലെത്തിച്ചു സംസ്കരിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഡിഎൻഎ സാംപിൾ എടുത്തിട്ടുണ്ട്.

മുനമ്പത്തു നിന്നു 44 കിമീ. മാറി കടലിൽ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ച തമിഴ്നാട് മുള്ളൂർത്തുറ സ്വദേശി എസ്. സഹായരാജ് (57), രാമൻതുറ സ്വദേശി യുഗനാഥൻ (45), യാക്കൂബ് (57) എന്നിവരുടെ മൃതദേഹങ്ങൾ അന്നു തന്നെ കണ്ടെടുത്തിരുന്നു. അപകടത്തിൽ രണ്ടു പേർക്കു പരുക്കേറ്റിരുന്നു. 14 പേരാണു ബോട്ടിലുണ്ടായിരുന്നത്.

നാവികസേനയും തീരരക്ഷാസേനയും മൽസ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് അഴുകിയ നിലയിൽ ഒരു മൃതദേഹം ഇന്നലെ വൈകിട്ടു കണ്ടെടുത്തത്. ഇതു രാത്രി വൈകി മുനമ്പത്തെത്തിച്ചു.

നാവികസേനയുടെ സർവേ കപ്പലായ ഐഎൻഎസ് സത്‌ലജ് നടത്തിയ പരിശോധനയിലാണ് ഓഷ്യാനിക്കിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ കണ്ടെത്തിയത്. അപകടം നടന്ന ഭാഗത്തു നിന്ന് 5.55 കിലോമീറ്റർ വടക്കു കിഴക്കു മാറിയാണ് ഇവയുള്ളതെന്നു നാവിക സേന അറിയിച്ചു. ശബ്ദതരംഗങ്ങൾ ഉപയോഗിച്ചു കടലിന്റെ അടിത്തട്ട് സ്കാൻ ചെയ്താണു ബോട്ടിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.

അതേസമയം, ബോട്ടിൽ ഇടിച്ചതെന്നു കരുതുന്ന ഓയിൽ ടാങ്കർ എംവി ദേശ് ശക്തിയുടെ പരിശോധന പുതുമംഗളൂരു തുറമുഖത്തു തുടരുകയാണ്. ടാങ്കറിന്റെ അടിഭാഗത്തെ ഒരു വശം ഇന്നലെ മുങ്ങൽ വിദഗ്ധർ വിഡിയോയിൽ ചിത്രീകരിച്ചു. മറുഭാഗം ഇന്നു ചിത്രീകരിക്കും. പിന്നീട്, ഈ വിഡിയോ വിശദപരിശോധനയ്ക്കു വിധേയമാക്കും.

സിജുവിനു യാത്രാമൊഴി

മാല്യങ്കര∙ അവസാനമായി സിജുവിനെ ഒരുനോക്കു കാണാൻ വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയത് ഒട്ടേറെ നാട്ടുകാർ. സിജുവിന്റെ അച്ഛൻ, അമ്മ, ഭാര്യ, മക്കൾ എന്നിവരുടെ വേദനയിൽ ഗ്രാമവാസികളുടെ ഹൃദയം വിങ്ങിപ്പൊട്ടി. ഏവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.

അപകടം നടന്ന് അഞ്ചു ദിവസങ്ങൾക്കുശേഷമാണു സിജുവിന്റെ മൃതദേഹം ലഭിച്ചത്. മന്ത്രി ഇ. ചന്ദ്രശേഖരൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.വി. തോമസ് എംപി എന്നിവർ സിജുവിന്റെ വീട് സന്ദർശിച്ചു. എംഎൽഎമാരായ വി.ഡി. സതീശൻ, എസ്. ശർമ എന്നിവർ സംസ്കാരചടങ്ങുകൾക്ക് എത്തിയിരുന്നു.