പമ്പ നീന്തിക്കടന്ന് നെൽക്കതിർ എത്തിച്ചു; നിറപുത്തരി ആഘോഷത്തിനായി ശബരിമല നട തുറന്നു

പമ്പാനദി നീന്തിക്കടന്ന് സന്നിധാനത്തിൽ എത്തിച്ച നെൽക്കതിരുകൾ മേൽശാന്തി ഏറ്റുവാങ്ങുന്നു.

പത്തനംതിട്ട ∙ കക്കി– ആനത്തോട്, പമ്പ അണക്കെട്ടുകൾ തുറന്നിരിക്കുന്നതിനാൽ പമ്പയിലെ ജലനിരപ്പ് ഉയർന്നു തന്നെ. അരനൂറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. തന്ത്രി കണ്ഠര് മഹേഷ് മോഹനര് വണ്ടിപ്പെരിയാർ വള്ളക്കടവ് വഴി കാട്ടിലൂടെ സന്നിധാനത്തേക്കു പുറപ്പെട്ടു.

പമ്പാനദിയിലെ ശക്തമായ ഒഴുക്കിൽ ത്രിവേണി നടപ്പാലത്തിലേക്ക് കടപുഴകി വീണ കൂറ്റന്‍ മരം. ശബരിമല നിറപ്പുത്തരിക്ക് ഇന്നലെ നടതുറക്കുമ്പോഴും തന്ത്രി ഉൾപ്പെടെയുള്ളവർക്ക് നദി കരകവിഞ്ഞൊഴുകുന്നത് കൊണ്ട് മറുകര എത്താൻ കഴിഞ്ഞില്ല. ചിത്രം: നിഖിൽരാജ് ∙മനോരമ

പമ്പ മുറിച്ചുകടന്ന് തന്ത്രിയെയും സംഘത്തെയും സന്നിധാനത്ത് എത്തിക്കാൻ അഗ്നിശമന സേനയും പൊലീസും ആദ്യം ആലോചിച്ചെങ്കിലും കുത്തൊഴുക്ക് കണക്കിലെടുത്ത് ഉപേക്ഷിച്ചു. ചടങ്ങ് മുടങ്ങാതിരിക്കാൻ നാലു യുവാക്കൾ പ്രളയജലത്തിലൂടെ നീന്തിക്കടന്ന് നെൽക്കതിർ പമ്പയുടെ മറുകരയിലെത്തിച്ചു. നിറപുത്തരി ആഘോഷത്തിനായി അയ്യപ്പ ക്ഷേത്രനട തന്ത്രിയില്ലാതെ തുറന്നു. കാർഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജ ഇന്നു രാവിലെ ആറിനും 6.30നും മധ്യേയാണ്. വെള്ളപ്പൊക്കം കാരണം പമ്പയിൽ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ട്. പമ്പയിലെത്തിയ അയ്യപ്പഭക്തരെ അധികൃതർ ഇന്നലെ തിരിച്ചയച്ചു.

പമ്പ കടന്നും അതിസാഹസികത; നെൽക്കതിർ സന്നിധാനത്ത്

ശബരിമല ∙ നിറപുത്തരിക്കുള്ള നെൽക്കതിർ സന്നിധാനത്തിൽ എത്തിച്ചത് അതിസാഹസികമായി പമ്പാനദി നീന്തിക്കടന്ന്. പ്രതികൂല കാലാവസ്ഥ കാരണം തന്ത്രിക്കും സംഘത്തിനും നെൽക്കതിരുമായി സന്നിധാനത്തിൽ എത്താൻ കഴിയാഞ്ഞതിനാൽ ചടങ്ങ് മുടങ്ങാതിരിക്കാൻ നാറാണംതോട് സ്വദേശികളായ ജോബിൻ, കറുപ്പ് എന്നിവരാണ് ജീവൻ പണയം വച്ച് പ്രളയജലത്തിലൂടെ നീന്തി നെൽക്കറ്റകളുമായി പമ്പാനദിയുടെ മറുകര എത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ കറ്റകൾ ഇട്ട് കടിച്ചു പിടിച്ചാണ് നീന്തിയത്. 

കൊട്ടാരക്കര അമ്പലംകുന്ന് സന്തോഷ്, കണമല സ്വദേശി ജോയി എന്നിവരുടെ സഹായത്തോടെ പമ്പയുടെ മറുകര എത്തിച്ച കറ്റകൾ ട്രാക്ടറിൽ രാത്രി ഒൻപതരയോടെ സന്നിധാനത്തിൽ കൊണ്ടുവന്ന് മേൽശാന്തിക്കു കൈമാറി.