വേറെ പണിയൊന്നുമില്ലേ?: പ്രിയ വാരിയർക്കെതിരായ എഫ്ഐആർ റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി ∙ ‘മാണിക്യ മലരായ പൂവീ’ എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ നടി പ്രിയ വാരിയരുടെ കണ്ണിറുക്കൽ മതനിന്ദയാവില്ലെന്നു സുപ്രീം കോടതി. പ്രിയ വാരിയർ, ‘ഒരു അഡാർ ലൗ’ സം‌വിധായകൻ ഒമർ ലുലു, നിർമാതാവ് ഔസേപ്പച്ചൻ വാളക്കുഴി എന്നിവർക്കെതിരെ ഹൈദരബാദിലെ ഫലക്നാമ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആർ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി. ഗാനരംഗത്തിന്റെ പേരിൽ നടിക്കും മറ്റു കക്ഷികൾക്കുമെതിരെ ഒരിടത്തും എഫ്ഐആർ  പാടില്ലെന്നും കോടതി വ്യക്തമാക്കി. ആരോ ഒരു  പാട്ടു പാടിയതിന്റെ  പേരിൽ കേസെടുക്കാനല്ലാതെ പൊലീസിനു വേറെ പണിയൊന്നുമില്ലേയെന്നു കോടതി വാക്കാൽ ചോദിച്ചു. 

കേരളത്തിൽ 1978 മുതൽ  പ്രചാരത്തിലുള്ള മാപ്പിളപ്പാട്ടാണിത്. കണ്ണിറുക്കലിനെക്കുറിച്ചാണു പരാതിക്കാരൻ ആക്ഷേപമുന്നയിച്ചത്. ഒരു നടപടി മതനിന്ദയാവണമെങ്കിൽ അതു മനഃപൂർവവും ദുരുദ്ദേശ്യത്തോടെയുമായിരിക്കണം. ഗാനരംഗത്തിലെ കണ്ണിറുക്കൽ അത്തരത്തിലുള്ളതല്ല – കോടതി വ്യക്തമാക്കി. പ്രിയയ്ക്കുവേണ്ടി ഹാരിസ് ബീരാനും തെലങ്കാന സർക്കാരിനുവേണ്ടി എസ്.ഉദയ് സാഗറും ഹൈദരബാദിലെ പരാതിക്കാരനുവേണ്ടി പ്രദീപ് കുമാർ കൗശിക്കും ഹാജരായി.