പിണറായി കൂട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ∙ പിണറായി കൂട്ടക്കൊലപാതകത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നു. കേസിലെ ഏക പ്രതിയായ പിണറായി വണ്ണത്താംപറമ്പിൽ സൗമ്യയുടെ (30) അസ്വാഭാവിക മരണത്തിന്റെ കൂടി സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. 

മാതാപിതാക്കളായ കുഞ്ഞിക്കണ്ണൻ (80), ഭാര്യ കമല (65), മകൾ ഐശ്വര്യ (ഒൻപത്) എന്നിവരുടെ കൊലപാതകത്തിൽ സൗമ്യയ്ക്കു പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നായിരിക്കും ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. 

മൂന്നു പേരെയും എലിവിഷം നൽകി കൊലപ്പെടുത്തിയതു സൗമ്യ തനിച്ചാണെന്നാണു കേസ് അന്വേഷിച്ച തലശ്ശേരി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 

എന്നാൽ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നും മറ്റൊരു ഏജൻസി അന്വേഷിക്കണമെന്നും ആക്‌ഷൻ കൗൺസിലും ബന്ധുക്കളും നേരത്തേ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. 

സൗമ്യയുടെ അസ്വാഭാവിക മരണത്തിലും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.ഇതിനിടെ സൗമ്യയുടെ മരണശേഷം ജയിലിൽ നിന്നു കണ്ടെത്തിയ ഡയറിക്കുറിപ്പിൽ കൂട്ടക്കൊലപാതകത്തിൽ നിരപരാധിയാണെന്ന് എഴുതിയിരുന്നു. 

കൂട്ടക്കൊലപാതകത്തിൽ മറ്റൊരാൾക്കു പങ്കുണ്ടെന്ന രീതിയിൽ ‘അവൻ’ എന്നു പരാമർശവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കുന്നത്.