Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാം തകർന്നാൽ എന്താകും? പ്രധാന അണക്കെട്ടുകൾ തകർന്നാലുള്ള അവസ്ഥയെക്കുറിച്ചു പഠനം നടത്തും

idukki-dam-cheruthoni

തിരുവനന്തപുരം∙ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ പ്രധാന അണക്കെട്ടുകൾ തകർന്നാലുള്ള അവസ്ഥയെക്കുറിച്ചു പഠനം (ഡാം ബ്രേക്കിങ് അനാലിസിസ്) നടത്താൻ സർക്കാർ തീരുമാനം. അണക്കെട്ടുകളെ ഡാം ബ്രേക്കിങ് അനാലിസിസിനു വിധേയമാക്കാത്തതിനെ കഴിഞ്ഞവർഷം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ വിമർശിച്ചിരുന്നു. ഇതു സംസ്ഥാനം ഗൗരവമായി എടുത്തിരുന്നില്ല. അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായപ്പോഴാണു പഠനത്തെക്കുറിച്ചു സർക്കാർ തീരുമാനിച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചു നേരത്തേ പഠനം നടത്തിയിട്ടുണ്ട്. മറ്റ് അണക്കെട്ടുകളുടെ കാര്യം പിന്നാലെ പരിഗണിക്കുമെന്നു പ്രഖ്യാപിച്ചതല്ലാതെ ഒന്നും സംഭവിച്ചില്ല. വെള്ളപ്പൊക്കത്തിനു പുറമെ ഭൂചലനവും അണക്കെട്ടുകളെ തകർക്കും. ശരിയായ മാർഗരേഖയില്ലെങ്കിൽ തീരങ്ങളിൽ താമസിക്കുന്നവർക്കുള്ള മുന്നറിയിപ്പു മുതൽ ഒരു നടപടിയും സ്വീകരിക്കാനാവില്ല. ജലവിഭവ വകുപ്പിന്റെ പതിനാറും കെഎസ്ഇബിയുടെ പന്ത്രണ്ടും അണക്കെട്ടുകളെയാണ് ആദ്യഘട്ടത്തിൽ പഠനത്തിനു വിധേയമാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്മെന്റ് പ്രോഗാം (ഡ്രിപ്) പദ്ധതിയിൽ അണക്കെട്ടുകളുടെ നവീകരണത്തിനുവേണ്ടി ജലവിഭവവകുപ്പിന് 158 കോടി രൂപയും കെഎസ്ഇബിക്ക് 122 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഡാം ബ്രേക്കിങ് അനാലിസിസും നടത്തും. ഓരോ അണക്കെട്ടിന്റെയും വലുപ്പം, സംഭരണശേഷി എന്നിവ ഉപയോഗിച്ചാണു പഠനം . അണക്കെട്ടു തകർന്നാൽ എത്രത്തോളം ജലം പുറത്തേക്ക് ഒഴുകും, അതു കടന്നുപോകുന്ന പ്രദേശങ്ങൾ, അവിടത്തെ ജനസംഖ്യ എന്നിവ ഉപയോഗിച്ചാണു ദുരന്ത വ്യാപ്തി കണക്കാക്കുന്നത്.

ഓരോ സ്ഥലത്തും എത്ര സമയംകൊണ്ടു വെള്ളം എത്തുമെന്നും അനുമാനിക്കാം. മുന്നറിയിപ്പുകൾ മുതൽ മാറ്റിത്താമസിപ്പിക്കൽ വരെ കാര്യങ്ങൾക്കുവേണ്ട സമയക്രമം ഇതിലൂടെയാണു നിർണയിക്കുന്നത്. പഠനം ഒരിക്കൽ നടത്തിയാലും വെള്ളം ഒഴുകുന്ന പ്രദേശത്തു പുതിയ കെട്ടിടങ്ങൾ ഉൾപ്പെടെ മാറ്റങ്ങൾ സംഭവിക്കും. അതിനാൽ നിശ്ചിത ഇടവേളകളിൽ പഠനം നടത്തേണ്ടിവരും.