വൈദ്യുതി പ്രതിസന്ധി; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്

വൈദ്യുതി ലഭ്യതയിൽ കുറവു വന്നതിനെത്തുടർന്ന് സംസ്ഥാനത്ത് വൈകുന്നേരങ്ങളിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. ചില ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് 6.30 മുതൽ 9.30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. 700 മെഗാവാട്ടിലേറെയാണ് കമ്മി. ഇതു പൊതു വിപണിയിൽനിന്നു വാങ്ങാൻ കഴിയുന്നില്ലെങ്കിൽ ഇന്നും നിയന്ത്രണം തുടരും.

കേന്ദ്ര പൂളിൽനിന്നു ലഭിക്കുന്ന വൈദ്യുതി വിഹിതം കുറഞ്ഞതും പ്രളയംമൂലം സംസ്ഥാനത്തെ വൈദ്യുതനിലയങ്ങളിൽ ഉൽപാദനം കുറഞ്ഞതുമാണ് പ്രതിസന്ധിക്കു കാരണം. കേന്ദ്ര വൈദ്യുത നിലയങ്ങളായ താൽച്ചറിൽ നിന്ന് 200 മെഗാവാട്ടും കൂടംകുളത്തു നിന്ന് 266 മെഗാവാട്ടും കുറവ് വന്നിട്ടുണ്ട്.

പുറമേ ലോവർ പെരിയാർ, പന്നിയാർ, പെരിങ്ങൽകുത്ത് ജലവൈദ്യുത നിലയങ്ങളും നാലു ചെറുകിട നിലയങ്ങളും കുത്തുങ്കൽ, മണിയാർ അടക്കമുള്ള സ്വകാര്യ നിലയങ്ങളും വെള്ളപ്പൊക്കത്തിൽ തകരാറിലാണ്. കുറവു വന്ന വൈദ്യുതി പൊതു വിപണിയിൽനിന്നു വാങ്ങാൻ ശ്രമിച്ചെങ്കിലും 500 മെഗാവാട്ട് വരെയേ ലഭിക്കുന്നുള്ളൂ. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നു കെഎസ്ഇബി അധികൃതർ പറഞ്ഞു.

∙ മുൻകൂട്ടി അറിയിക്കാതെ ലോഡ് ഷെഡ്ഡിങ്

മുൻകൂട്ടി നിശ്ചയിക്കുന്ന സമയക്രമം അനുസരിച്ചല്ല വൈദ്യുതി നിയന്ത്രണം എന്നതുകൊണ്ട് മാധ്യമങ്ങൾ വഴിയോ എസ്എംഎസ് വഴിയോ അറിയിപ്പു നൽകുന്നില്ല. ലഭ്യമായതിൽ അധികം ആവശ്യം വരുമ്പോൾ കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിൽ നിന്ന് ഫോൺവഴി ലോഡ് ഷെഡിങ്ങിനുള്ള നിർദേശം നൽകുകയാണ്.