പി.കെ. ശശിക്കെതിരെ നടപടിയുടെ സൂചന നൽകി എ.കെ. ബാലൻ

പാലക്കാട്∙ പി.കെ. ശശി എംഎൽഎയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന സൂചന നൽകി അന്വേഷണ കമ്മിഷൻ അംഗം മന്ത്രി എ.കെ. ബാലന്റെ പ്രസ്താവന. പി.കെ. ശശി‍ക്കെതിരായ പരാതിയിൽ പരാതിക്കാരിയുടെ വിശ്വാസത്തിനു നിരക്കുന്ന രീതിയിലായിരിക്കും പാർട്ടിയും സർക്കാരും മുന്നോട്ടുപോകുകയെന്ന് അദ്ദേഹം പാലക്കാട്ടു മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പരാതിക്കാരിയുടെ മാനസിക അവസ്ഥകൂടി കണക്കിലെടുത്തായിരിക്കും അന്വേഷണം. എന്തെങ്കിലും അസംതൃപ്തി ഉണ്ടെങ്കിൽ അവർ സ്വീകരിക്കുന്ന എല്ലാ വഴികളിലും പരിപൂർണമായ പിന്തുണ നൽകും. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായപ്പോൾ പാർട്ടി ഒരാളെപ്പോലും രക്ഷിച്ചിട്ടില്ലെന്നുമാത്രമല്ല മാതൃകാപരമായ നടപടി സ്വീകരിച്ചിട്ടുമുണ്ട്.

പരാതിക്കാരിക്കു വിശ്വാസമുള്ള പാർട്ടി എന്ന നിലയിലാണു പരാതി തന്നത്. മന്ത്രിയായിരിക്കുമ്പോൾ ഇത്തരത്തിൽ ഒരു പരാതി അന്വേഷിക്കുന്നതിൽ അനൗചിത്യമില്ല. കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലാണു പാർട്ടി ഈ ചുമതല ഏൽപ്പിച്ചത്.

മുൻപും പല കമ്മിഷനിലും അംഗമായിരുന്നിട്ടുണ്ടെന്നും വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നവർക്കെതിരെ പോലും അന്നു നടപടി എടുത്തിട്ടുണ്ടെന്നും ബാലൻ വ്യക്തമാക്കി.