കുടിച്ചും പുകച്ചും ഖജനാവ് നേടി, 45,146 കോടി

പത്തനംതിട്ട∙ മദ്യം, സിഗരറ്റ് വിൽപനയിലൂടെ കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു സംസ്ഥാന ഖജനാവിൽ ലഭിച്ചത് 45,146 കോടി രൂപ. 

ബാർ നിരോധനമുണ്ടായിരുന്നപ്പോഴും മദ്യവരുമാനം കുറഞ്ഞില്ല. സിഗരറ്റ് വലി കുറഞ്ഞെന്നു പഠനങ്ങൾ പറയുന്നുണ്ടെങ്കിലും നികുതി വരുമാനം കുറഞ്ഞില്ല. പുകവലിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും സിഗരറ്റിന്റെയും പുകയിലയുടെയും നികുതി കൂട്ടിയാണു വരുമാനം പിടിച്ചുനിർത്തിയത്. 

സിഗരറ്റിനും പുകയിലയ്ക്കും 28% ആണു നികുതി. 5% സെസും ഉണ്ട്. 400 രൂപയിൽ താഴെ വിലയുള്ള മദ്യത്തിന് 200%, 400 രൂപയ്ക്ക് മുകളിലുള്ളതിന് 210% വീതമാണു നികുതി.  

കഴിഞ്ഞ സാമ്പത്തിക വർഷം വരെ ഇത് 125%, 135% എന്നിങ്ങനെയായിരുന്നു. ഇൗ നികുതി കൂടാതെ സർചാർജ്, മദ്യപിച്ച് രോഗം വന്നവരെ ചികിൽസിക്കുന്നതിനും ചാരായ നിരോധന സമയത്ത് ജോലിപോയവരെ സംരക്ഷിക്കുന്നതിനും ഏർപ്പെടുത്തിയ 5% സെസും സാമൂഹിക സുരക്ഷാ സെസ് 10%,  ആരോഗ്യനികുതി 1% ഒക്കെയും. ഇതെല്ലാം നിർത്തലാക്കിയാണ് നേരിട്ടു 200% നികുതി, 210% ആക്കി ഉയർത്തിയത്. 

മദ്യപരുടെ ചികിൽസയ്ക്കായി നികുതിയുടെ ഭാഗമായി പിരിച്ചെടുത്തത് നാലുവർഷം കൊണ്ട് 1052.18 കോടിയാണ്. പക്ഷേ, ഇതിന്റെ പകുതി തുക പോലും ചെലവഴിച്ചില്ല. ബോധവൽക്കരണമെന്ന പേരിൽ എക്സൈസ് വകുപ്പ് ഫുട്ബോൾ മൽസരം നടത്തിയത് ആ തുകയിൽനിന്നായിരുന്നു.