ജലന്തർ ബിഷപ്പിനെതിരായ കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണം: കെസിബിസി

കൊച്ചി ∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള പരാതിയിൽ പൊലീസ് ഒരു തരത്തിലുമുള്ള സമ്മർദത്തിനും വഴങ്ങാതെ കേസന്വേഷണം എത്രയുംവേഗം നീതിപൂർവകമായി പൂർത്തിയാക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. സന്യാസിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിൽ കുറ്റവാളിയെന്നു കാണുന്നവരെ രാജ്യത്തു നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ശിക്ഷിക്കുന്നതിൽ കത്തോലിക്കാസഭ തടസ്സം നിൽക്കില്ല. ഉന്നയിക്കപ്പെട്ട ആരോപണം വളരെ ഗുരുതരമാണെന്നും ആരോപണം തെളിയിക്കപ്പെട്ടാൽ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണം എന്നതുതന്നെയാണ് സഭയുടെ നിലപാട്.

മാധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാർമികവും അനധികൃതവുമാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്കു സഭയിൽനിന്നു നീതി കിട്ടിയിട്ടില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. പരാതി നൽകിയെന്നു പറയുന്ന സിറോ മലബാർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കോ മറ്റ് ബിഷപ്പുമാർക്കോ ജലന്തർ ബിഷപ്പിന്റെ മേലോ മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷന്റെ മേലോ അധികാരമില്ല.

വത്തിക്കാൻ പ്രതിനിധിക്കു നൽകിയെന്നു പറയുന്ന പരാതിയിന്മേൽ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടി യഥാസമയമുണ്ടാകും. അതും ക്രിമിനൽ കേസും തമ്മിൽ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. സമരക്കാരും അനുകൂലികളും സമ്മർദതന്ത്രം ഉപേക്ഷിച്ച് നിഷ്പക്ഷമായും കാര്യക്ഷമമായും കേസ് അന്വേഷണം പൂർത്തിയാക്കാൻ പൊലീസിനെ അനുവദിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.