കേന്ദ്രത്തിനു നിവേദനം നൽകാൻ പോലുമാകാതെ ഭരണം സ്തംഭിച്ചെന്നു ചെന്നിത്തല

തിരുവനന്തപുരം∙ പ്രളയം കഴിഞ്ഞ് ഒരു മാസമായിട്ടും കേന്ദ്ര സർക്കാരിനു നിവേദനം നൽകാൻ കഴിയാത്ത വിധം സംസ്ഥാനത്തു പൂർണ ഭരണസ്തംഭനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണസ്തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അവകാശവാദം വിചിത്രമാണ്.

നാശനഷ്ടത്തിന്റെ കണക്കെടുപ്പ് എങ്ങും എത്തിയിട്ടില്ല. മന്ത്രിസഭാ യോഗമില്ലാത്തതിനാൽ നയതീരുമാനങ്ങൾ എടുക്കുന്നില്ല. മന്ത്രിസഭാ ഉപസമിതി ചേരുന്നുണ്ടെങ്കിലും നയതീരുമാനമെടുക്കാനോ അത് ഉത്തരവിറക്കി നടപ്പാക്കാനോ കഴിയില്ല. ദുരന്തത്തിൽ നിന്നു കരകയറേണ്ട നിർണായക സമയത്താണ് ഈ സ്തംഭനമെന്നതു മറ്റൊരു ദുരന്തമാണ്.

പമ്പയിൽ ബെയ്‌ലി പാലം പണിയാൻ സൈന്യത്തിനു കത്തു നൽകിയതായി അറിയില്ല. പമ്പ പുനർനിർമാണം തങ്ങളെക്കൊണ്ടു മാത്രം കഴിയില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചിട്ടും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. ഇ.പി.ജയരാജനെ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ അനുവദിച്ചെങ്കിലും അദ്ദേഹത്തിന് അതിനു കഴിയാതെ വരുന്നത് എന്തുകൊണ്ടാണ്? മന്ത്രിമാർക്കിടയിൽ ഭിന്നത രൂക്ഷമാണ്. ഉയർന്ന ഉദ്യോഗസ്ഥർ മന്ത്രിമാരെ കളിയാക്കുന്നു– രമേശ് പറ‍ഞ്ഞു.

ഒരുമാസ വേതനം പിടിച്ചുവാങ്ങരുതെന്ന് മുഖ്യമന്ത്രിക്കു കത്ത്

തിരുവനന്തപുരം∙ പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ഒരു മാസ വേതനം പിടിച്ചുവാങ്ങുന്ന നടപടിയിൽ നിന്നു പിൻവാങ്ങണമെന്നു രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സർക്കാർ ഈ ഗുണ്ടാപ്പിരിവ് നിർത്തണം. സ്ഥലംമാറ്റം ഉൾപ്പെടെ പ്രതികാര നടപടി വരുമെന്നു ഭരണകക്ഷി യൂണിയനുകൾ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു.

സ്വമേധയാ ആരെങ്കിലും ശമ്പളം സർക്കാരിനു നൽകുന്നതിനെ ആരും എതിർക്കുന്നില്ല. എന്നാൽ നിയമപ്രാബല്യമില്ലാതെ ശമ്പളം പിടിച്ചുവാങ്ങുന്നതിലൂടെ സർക്കാർ അതിന്റെ സംവിധാനങ്ങളെ സ്വയം ദുർബലപ്പെടുത്തുകയാണ്– കത്തിൽ രമേശ് ചൂണ്ടിക്കാട്ടി.