മുഖ്യമന്ത്രി പൂർണ ആരോഗ്യവാനെന്ന് മന്ത്രി ജയരാജൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്കു പോയതു വൈദ്യപരിശോധനയുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും മന്ത്രി ഇ.പി.ജയരാജൻ. മുഖ്യമന്ത്രിയുടെ ചികിത്സയെക്കുറിച്ചു സർക്കാർ ഭാഗത്തുനിന്നുള്ള ആദ്യ ഔദ്യോഗിക വിശദീകരണമാണു ജയരാജന്റേത്. ദിവസവും മുഖ്യമന്ത്രി തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നു ജയരാജൻ പറഞ്ഞു.

പരിശോധന പൂർത്തിയാകുമ്പോൾ മടങ്ങിയെത്തും. മുഖ്യമന്ത്രി എത്താൻ വൈകിയാലും അടുത്തു തന്നെ മന്ത്രിസഭാ യോഗം ചേരും. മാധ്യമങ്ങൾ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട. മന്ത്രിസഭ ചേരേണ്ട അടിയന്തര വിഷയമുണ്ടായാൽ ഉടൻ ചേരും. മുതിർന്ന മന്ത്രിമാരുടെ എതിർപ്പിനെ തുടർന്നല്ലേ മന്ത്രിസഭ ചേരാൻ സാധിക്കാത്തതെന്ന ചോദ്യത്തിന്, ‘‘അതൊക്കെ പണ്ട്, ഇപ്പോൾ അതൊന്നും ഇവിടെ നടക്കില്ല’’ എന്നായിരുന്നു ജയരാജന്റെ മറുപടി.

സംസ്ഥാനത്തു ഭരണസ്തംഭനമില്ല. എല്ലാം ഭംഗിയായി നടക്കുന്നു. ആക്ഷേപിക്കേണ്ടവർക്ക് ആക്ഷേപിക്കാം. ഇന്നലെ മന്ത്രിസഭ ചേരാൻ തീരുമാനിച്ചിരുന്നതാണ്. ജില്ലകളിലെ പിരിവുമായി ബന്ധപ്പെട്ടു മന്ത്രിമാരെല്ലാം പുറത്തായതിനാലാണു ചേരാൻ സാധിക്കാതിരുന്നത്. 19നു മന്ത്രിസഭ ചേരുമോ എന്ന ചോദ്യത്തിന്, താൻ യോഗം വിളിച്ചിട്ടില്ലെന്നായിരുന്നു മറുപടി. സ്കൂൾ കലോത്സവം ആഘോഷം ഒഴിവാക്കി നടത്തുന്ന സാഹചര്യത്തിൽ രാജ്യാന്തര ചലച്ചിത്രമേളയും ഈ രീതിയിൽ നടത്തേണ്ടതല്ലേയെന്ന ചോദ്യത്തിന്, ആർഭാടം ഒഴിവാക്കി എല്ലാം നടത്താമല്ലോ എന്നായിരുന്നു ജയരാജന്റെ പ്രതികരണം.