Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം പ്രവേശനം, തന്നിഷ്ടത്തിനു ഫീസ്; തുണയായി ഓർഡിനൻസും ബില്ലും

kannur-medical-college

പാലക്കാട് കരുണ മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് എന്നിവയ്ക്കെതിരെ 2012 മുതൽ തന്നെ പരാതികളുയർന്നിരുന്നു. പ്രവേശന ക്രമക്കേടും അധിക ഫീസുമുൾപ്പടെ നിയമക്കുരുക്കിലേക്കു നയിച്ച വീഴ്ചകളുടെ നാൾവഴി ഇങ്ങനെ: 

2012 നവംബർ രണ്ട്: യോഗ്യതയില്ലാത്തവരെ മാനേജ്മെന്റ് സീറ്റിൽ പ്രവേശിപ്പിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നു പാലക്കാട് കരുണ മെഡിക്കൽ കോളജിലെയും അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെയും എംബിബിഎസ് റജിസ്‌ട്രേഷൻ നടപടികൾ ആരോഗ്യ സർവകലാശാല മരവിപ്പിച്ചു. 

2014 ജൂലൈ 7: സർക്കാരുമായി സഹകരിക്കാതെ കരുണ മെഡിക്കൽ കോളജ് മുൻവർഷം സ്വന്തമായി നടത്തിയ എംബിബിഎസ് പ്രവേശനം അസാധുവാക്കാൻ ജസ്‌റ്റിസ് ജെ.എം. ജയിംസ് സമിതി തീരുമാനിച്ചു.

2016 സെപ്റ്റംബർ 16: സുപ്രീം കോടതി, ഹൈക്കോടതി വിധികളും ജയിംസ് കമ്മിറ്റി നിർദേശങ്ങളും ലംഘിച്ച കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ ആ വർഷത്തെ മുഴുവൻ പ്രവേശനവും ജയിംസ് കമ്മിറ്റി റദ്ദാക്കി. 

ഒക്ടോബർ 5: കരുണ, കണ്ണൂർ കോളജുകളെ എംബിബിഎസിനു സ്വയം തീരുമാനിച്ച ഫീസ് ഈടാക്കാൻ അനുവദിച്ച് കേരള സർക്കാർ വിജ്‌ഞാപനം. രണ്ടിടത്തും ജയിംസ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി ശരിവച്ചതിനെ ചോദ്യംചെയ്‌തു സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയതിന്റെ പിറ്റേന്നായിരുന്നു വിജ്‌ഞാപനം. 

ഒക്ടോബർ 7:  സംസ്‌ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. 

2017 മാർച്ച് 22: രണ്ടിടത്തും തലേ വർഷം എംബിബിഎസ് പ്രവേശനം നേടിയവരിൽ 180 പേരെ അയോഗ്യരാക്കിയതു ചോദ്യംചെയ്‌ത് കോളജുകളും വിദ്യാർഥികളും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. 

ഒക്ടോബർ 20: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിൽ തലേ വർഷത്തെ പ്രവേശനം സ്ഥിരപ്പെടുത്താനുള്ള സർക്കാർ ഓർഡിനൻസിൽ ഗവർണർ പി.സദാശിവം ഒപ്പിട്ടു. 

2018 ഏപ്രിൽ 4: രണ്ടു കോളജുകളിലെയും 2016– 17 ബാച്ച് പ്രവേശനം സാധുവാക്കാനുള്ള ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. 

ഏപ്രിൽ 5: തലേ വർഷം ഒക്ടോബറിലെ ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഓർഡിനൻസിനു പകരം നിയമസഭ പാസാക്കിയ ബിൽ ഗവർണർ ഒപ്പുവച്ചിട്ടില്ലാത്തതിനാൽ നിയമമായി കണക്കാക്കാനും വിസമ്മതിച്ചു. 

ഏപ്രിൽ 7: നിയമസഭ പാസാക്കിയ വിവാദ ബിൽ ഗവർണർ സദാശിവം ഒപ്പുവയ്ക്കാതെ മടക്കി. 

സെപ്റ്റംബർ 12: കണ്ണൂർ–കരുണ മെഡിക്കൽ കോളജ് ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി.

മറ്റു ബാച്ചുകളിലായി ആയിരത്തിലേറെ മെഡിക്കൽ വിദ്യാർഥികൾ

കണ്ണൂർ, കരുണ, മെഡിക്കൽ കോളജുകളിൽ 2016–2017 ബാച്ച് പ്രവേശനം റദ്ദായെങ്കിലും മറ്റു ബാച്ചുകളിലായി ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കണ്ണൂർ കോളജിലുള്ളതു നാല് എംബിബിഎസ് ബാച്ചുകളിലായി 550 വിദ്യാർഥികളും മൂന്ന് എംഡി ബാച്ചുകളിലായി 20 വിദ്യാർഥികളും.

 ഇവർക്കു പഠനം തുടരാം. 2016 ബാച്ച് വിദ്യാർഥികളിൽനിന്ന് ഈടാക്കിയ ഫീസിന്റെ ഇരട്ടിത്തുക തിരിച്ചു നൽകാത്തതിനാൽ 2018–19 ബാച്ചിൽ പ്രവേശനത്തിന് അനുമതി നൽകിയിട്ടില്ല. 

തുക നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു മാനേജ്മെന്റ് നൽകിയ ഹർജി സുപ്രീം കോടതി 18നു പരിഗണിക്കും. കരുണ മെഡിക്കൽ കോളജിൽ ഇപ്പോൾ അഞ്ചു ബാച്ചുകളിലായി അഞ്ഞൂറോളം പേർ പഠിക്കുന്നു.

കോടതി ശരിവച്ചത് മേൽനോട്ട സമിതിയുടെ തീരുമാനം 

ന്യൂഡൽഹി∙ കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശന നടപടികളിൽ പിഴവു കണ്ടെത്തി മേൽനോട്ട സമിതിയാണു 180 വിദ്യാർഥികളെ പുറത്താക്കിയത്. ഈ നടപടി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ഈ വിധി മറികടക്കുകയാണ് ഓർ‍ഡിനൻസിന്റെ ഉദ്ദേശ്യമെന്ന് ഏപ്രിലിൽ തന്നെ കോടതി നിലപാടെടുത്തിരുന്നു.

ആദ്യവട്ടം കേസ് പരിഗണിച്ചപ്പോൾ പ്രവേശന രേഖകളെല്ലാം വിശദമായി പരിശോധിച്ചതും ദിവസങ്ങളോളം വാദം കേട്ടതുമാണ്. പ്രവേശനം നിയമവിരുദ്ധമെന്നു വിലയിരുത്തിയ ശേഷമാണു മേൽ‍നോട്ട സമിതിയുടെ തീരുമാനം ശരിവച്ചത്. ഉത്തരവിനെ മറികടന്ന് പ്രവേശനം സ്ഥിരപ്പെടുത്താൻ ശ്രമിക്കരുതായിരുന്നുവെന്നും ഓർഡിനൻസ് സ്റ്റേ ചെയ്തപ്പോൾ കോടതി പറഞ്ഞിരുന്നു.

വിദ്യാർഥികളും അവർക്കുവേണ്ടി രാഷ്ട്രീയനേതാക്കളും നൽകിയ നിവേദനങ്ങൾ കണക്കിലെടുത്ത് ഓർഡിനൻസ് ഇറക്കുകയായിരുന്നുവെന്നാണു കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. പ്രതിപക്ഷേനതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.എം.ഹസൻ, കുമ്മനം രാജശേഖരൻ, സത്യൻ മൊകേരി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, എം.കെ.മുനീർ എന്നിവരാണ് തങ്ങൾക്കു ലഭിച്ച നിവേദനങ്ങൾ അനുകൂല നടപടിയാവശ്യപ്പെട്ടു സർക്കാരിനു കൈമാറിയതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

related stories