ഉൽസവബത്ത ദുരിതാശ്വാസത്തിനു നൽകിയില്ല; അധ്യാപകനു സസ്പെൻഷൻ

പി.പ്രകാശ്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉൽസവബത്തയായ 2750 രൂപ നൽകാൻ വിസമ്മതം പ്രകടിപ്പിച്ച ഉദ്യോഗസ്ഥനു സസ്പെൻഷൻ. നെയ്യാറ്റിൻകര ഗവ.പോളിടെക്നിക് കോളജിലെ അധ്യാപകനും കോൺഗ്രസ് അനുകൂല സംഘടനയായ കേരളാ ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ (കെജിഒയു) പ്രവർത്തകനുമായ പി.പ്രകാശിനെതിരെയാണു നടപടി. കഴിഞ്ഞ ജൂലൈയിലാണ് ഇവിടേക്കു സ്ഥലം മാറി വന്നത്.

ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പിൽ ഓഗസ്റ്റ് 12നാണ് ഇടതുപക്ഷ സംഘടനയുടെ പ്രവർത്തകൻ ഉൽസവബത്ത ദുരിതാശ്വാസ നിധിയിലേക്കു നൽകണമെന്നു നിർദേശം വച്ചത്. 2 ഗ‍ഡു ഡിഎ കിട്ടാനുണ്ടല്ലോ, ആ സാഹചര്യത്തിൽ ഇതുകൂടി ബുദ്ധിമുട്ടാകുമെന്നായിരുന്നു പ്രകാശിന്റെ മറുപടി. ആ വിസമ്മതത്തിനു ശേഷമാണ് പ്രതികാര നടപടികൾ ആരംഭിച്ചത്.

എന്നാൽ പ്രളയക്കെടുതി രൂക്ഷമാവുന്നതിനും മുൻപായിരുന്നതിനാലാണ് അങ്ങനെ പ്രതികരിച്ചതെന്നും കുറച്ചുദിവസങ്ങൾക്കു ശേഷമായിരുന്നുവെങ്കിൽ ഉൽസവബത്ത പിടിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കില്ലായിരുന്നുവെന്നും പ്രകാശ് പറഞ്ഞു മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിൽ പങ്കെടുക്കുന്നില്ലെന്നു പ്രകാശ് തീരുമാനിച്ചിരുന്നു. അതിനു ശേഷമാണ് ഇന്നലെ സസ്പെൻഷൻ ഉത്തരവു ലഭിക്കുന്നത്. ഇതോടെ സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയും സാലറി ചാല‍ഞ്ചിൽ നിന്നു പിന്മാറി.