പമ്പയിലെ ബസ് നിരക്ക് നിയമപരമെന്നു തച്ചങ്കരി

തിരുവനന്തപുരം∙ പമ്പയിൽ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കുന്നുവെന്ന ദേവസ്വം ബോർഡിന്റെ ആരോപണത്തിനെതിരെ കോർപറേഷൻ എംഡിയും രംഗത്ത്. കൂട്ടിയ നിരക്ക് കുറയ്ക്കില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയതിനു പിന്നാലെയാണു ടോമിൻ തച്ചങ്കരിയും പ്രതികരിച്ചത്. പമ്പ നിലയ്ക്കൽ റൂട്ടിൽ നിയമപരമായ ചാർജ് മാത്രമാണ് ഈടാക്കുന്നതെന്നു ടോമിൻ തച്ചങ്കരി പറഞ്ഞു. 21.5 കിലോമീറ്റർ ദൂരമുണ്ട് നിലയ്ക്കൽ മുതൽ പമ്പ വരെ. 41 രൂപ ഈടാക്കേണ്ട സ്ഥാനത്ത് 40 രൂപ മാത്രമാണ് ഈടാക്കുന്നത്. നിരക്കു കുറയ്ക്കണമെങ്കിൽ സർക്കാർ കുറയ്ക്കട്ടെ. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാരിനോ ദേവസ്വം ബോർഡിനോ നികത്താമെന്നും അദ്ദേഹം പറഞ്ഞു.

നിരക്കു വർധനയ്ക്കെതിരെ കഴിഞ്ഞ ദിവസമാണു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രംഗത്തെത്തിയത്. കെഎസ്ആർടിസിയുടെ നഷ്ടം നികത്തേണ്ടതു ഭക്തരെ ഉപയോഗിച്ചല്ല. നിരക്ക് കുറച്ചില്ലെങ്കിൽ ബസ് വാടകയ്ക്കെടുത്തു പകരം സംവിധാനം ഒരുക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. ഇന്ധനവിലവർധനയാണു നിരക്ക് വർധിപ്പിക്കാൻ കാരണമെന്നും ഇതു ഭക്തർ മനസ്സിലാക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.