Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെട്ടിലായത് വിജിലൻസിന്റെ വിശ്വാസ്യത

km-mani

തിരുവനന്തപുരം∙ അഴിമതിക്കേസിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് കോടതി മൂന്നു വട്ടം നിരാകരിക്കുന്നത് അപൂർവം. ബാർ കോഴ കേസിൽ തുടക്കം മുതൽ വിജിലൻസ് ഉരുണ്ടുകളിച്ചപ്പോൾ വെട്ടിലായത് അവരുടെ വിശ്വാസ്യത.

യുഡിഎഫ് സർക്കാരിന്റ കാലത്തു ജേക്കബ് തോമസ് വിജിലൻസ് എഡിജിപി ആയിരിക്കെയാണ് അന്നത്തെ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാർ കോഴ കേസിന്റെ തുടക്കം. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ അന്നു കേസ് അന്വേഷിച്ച എസ്പി: ആർ.സുകേശൻ മാണിക്കെതിരെ സാഹചര്യത്തെളിവുണ്ടെന്നു റിപ്പോർട്ട് നൽകി. തുടർ നടപടി പുരോഗമിക്കവേ യുഡിഎഫ് സർക്കാർ ജേക്കബ് തോമസിനെ വിജിലൻസിൽനിന്നു മാറ്റി. എഡിജിപി എൻ.ശങ്കർ റെഡ്ഡിയെ പകരം ഡയറക്ടറാക്കി.

അതോടെ മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് സുകേശൻ കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഹർജിക്കാർ കോടതിയിൽ തടസ്സം ഉന്നയിച്ചതോടെ തുടരന്വേഷണത്തിനു കോടതി ഉത്തരവിട്ടു. ഭരണം മാറുന്നതിനു തൊട്ടു മുൻപ് 2016 ഫെബ്രുവരിയിൽ മാണിക്കെതിരെ തെളിവില്ലെന്ന രണ്ടാമത്തെ റിപ്പോർട്ടും സുകേശൻ കോടതിയിൽ നൽകി. ഇടതു സർക്കാർ വന്നതോടെ ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കി. അദ്ദേഹം സുകേശനോടു റിപ്പോർട്ട് തേടി. അന്വേഷണത്തിൽ സമ്മർദ്ദമുണ്ടായെന്നും മാണിക്കെതിരെ തെളിവുണ്ടെന്നും സുകേശൻ ഡയറക്ടറെ അറിയിച്ചു. ഇക്കാര്യം കോടതിയിലും റിപ്പോർട്ടായി നൽകി. അതോടെ വീണ്ടും തുടരന്വേഷണത്തിന് ഉത്തരവായി.

അതിനിടെ ജേക്കബ് തോമസിന്റെ കസേര തെറിച്ചു. ഈ സമയം ഒരു മുന്നണിയിലും പെടാതെ നിന്ന മാണിയെ ചാക്കിലാക്കാൻ സിപിഎം അണിയറ നീക്കം നടത്തി. ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കായിരുന്നു വിജിലൻസ് ഡയറക്ടറുടെ അധിക ചുമതല. പുതിയ തെളിവു കണ്ടെത്തി കോടതിയിൽ സമർപ്പിച്ചില്ലെന്നു മാത്രമല്ല, ആരോപണത്തിനു തെളിവില്ലെന്ന മൂന്നാമത്തെ റിപ്പോർട്ടും വിജിലൻസ് നൽകി.

അതിനിടെ മാണി യുഡിഎഫിൽ വീണ്ടും ചേക്കേറി. കേസിൽ സർക്കാരിന്റെ ചട്ടുകമായി മാത്രം പ്രവർത്തിച്ച വിജിലൻസിന് ഇനി മാണിയെ കുടുക്കണമെങ്കിൽ മൂന്നു വട്ടം എഴുതി നൽകിയതെല്ലാം കള്ളമാണെന്നു കോടതിയിൽ സ്ഥാപിക്കണം. പുതിയ തെളിവുകൾ ശേഖരിക്കണം. അങ്ങനെ മാണിക്കെതിരെ കുറ്റപ്പത്രം സമർപ്പിക്കേണ്ടി വന്നാൽ ഇതിനു മുൻപ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ച ഡയറക്ടർമാരും കള്ളക്കളി നടത്തിയോ എന്നും അന്വേഷിക്കേണ്ടി വരും.

ഒരിക്കൽ തെളിവില്ലെന്നു കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയ അന്വേഷണ ഉദ്യോഗസ്ഥൻ സുകേശൻ തന്നെ, ഭരണം മാറിയപ്പോൾ തുടരന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയതും കേസിന്റെ പ്രത്യേകതയായി. ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം നേരിട്ട സുകേശനെ കുറ്റവിമുക്തനാക്കി 2016ലെ ഐപിഎസ് പട്ടികയിൽ ഈ സർക്കാർ ഉൾപ്പെടുത്തി. സർവീസിൽനിന്നു വിരമിച്ച ശേഷം അടുത്തിടെ അദ്ദേഹത്തിന് ഐപിഎസ് ലഭിച്ചു. 

പ്രോസിക്യൂഷൻ അനുമതി: നിയമോപദേശം തേടും

തിരുവനന്തപുരം∙ ബാർ കേസിൽ കെ.എം.മാണിക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടും. സിപിഎം –സിപിഐ നേതാക്കളുടെ പ്രതികരണം അനുമതി നൽകുമെന്ന ദിശയിലാണ്. ഇനി മാണിയെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനും ഇടതു മുന്നണിക്കുമില്ലെന്നാണു നേതാക്കളുടെ സ്വരം. സർക്കാർ അനുമതിയുടെ കാര്യം ഡിസംബർ പത്തിനകം അറിയിക്കാനാണു കോടതി ആവശ്യപ്പെട്ടത്.